ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവരശേഖരണത്തിനുള്ള ആവശ്യം ശക്തമാവുന്നു

By Web DeskFirst Published Aug 7, 2016, 6:24 PM IST
Highlights

ഗള്‍ഫ് മേഖലയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൗദിയിലേതിന് സമാനമായ സാഹചര്യമുണ്ടാവുമ്പോള്‍ പ്രശ്ന പരിഹാരത്തിന് കുറേക്കൂടി ഫലപ്രദമായ സംവിധാനം വേണമെന്നാണ് ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ഓരോ രാജ്യത്തുമുള്ള ഇന്ത്യന്‍ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുക, എംബസികള്‍ കുറേക്കൂടി കാര്യക്ഷമമാക്കുക, അറബിക് ഭാഷ കൂടി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ എംബസികളില്‍ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇവര്‍ മുന്നോട്ടു വെക്കുന്നു.

എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഐ.സി.ബി.എഫ്. ഐ.ബി,പി.എന്‍ തുടങ്ങിയ മൂന്ന് അപെക്‌സ് ബോഡികള്‍ വിളിച്ചു ചേര്‍ത്ത്  ഇതിനാവശ്യമായ നയപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം. തൊഴില്‍ പ്രശ്നങ്ങളില്‍ കുടുങ്ങി, ഖത്തറിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുന്ന പലര്‍ക്കും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന പരാതി പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഏഴു ലക്ഷത്തിനടുത്ത്  ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഖത്തറില്‍  ഇന്ത്യന്‍ എംബസിയില്‍ മതിയായ ഉദ്യോഗസ്ഥര്‍ ഇല്ലെന്നതുള്‍പ്പെടെയുള്ള പരാതികള്‍ക്കും ഇതുവരെ പരിഹാരമായിട്ടില്ല. അതേസമയം സൗദിയിലുണ്ടായത് പോലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതല്ല ഇത്തരം സംവിധാനങ്ങളെന്ന തിരിച്ചറിവാണ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഇനിയെങ്കിലും ഉണ്ടാവേണ്ടത്. 

click me!