നീനു ഉയര്‍ത്തെഴുന്നേറ്റു, ഫീനിക്സ് പക്ഷിയെപ്പോലെ; ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ

Web Desk |  
Published : Jun 15, 2018, 06:06 PM ISTUpdated : Jun 29, 2018, 04:07 PM IST
നീനു ഉയര്‍ത്തെഴുന്നേറ്റു, ഫീനിക്സ് പക്ഷിയെപ്പോലെ; ചേര്‍ത്തുപിടിച്ച് സോഷ്യല്‍ മീഡിയ

Synopsis

'നീനു ഫീനിക്സ് പക്ഷിയാണ്' അതിനും മേലെയെന്ന് സോഷ്യല്‍ മീഡിയ

ത്മവിശ്വാസത്തിന്‍റെയും ഉയര്‍ത്തെഴുന്നേല്‍പിന്‍റെയും സുന്ദരമായ കാഴ്ച, അതായിരുന്നു 17 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നീനു എന്ന 21 കാരിയുടെ കോളേജിലേക്കുള്ള യാത്ര. പ്രണയിച്ചു എന്ന ഒറ്റകാരണത്താലാണ് കെവിന്‍ എന്ന ചെറുപ്പക്കാരനെ അവളുടെ സഹോദരനും അച്ഛനുമടങ്ങുന്ന സംഘം കൊന്നുകളഞ്ഞത്. തനിക്ക് വേണ്ടി ജീവന്‍ കളഞ്ഞ പ്രിയപ്പെട്ടവന്‍റെ ആഗ്രഹമായിരുന്നു തന്‍റെ പഠനം, അത് പൂര്‍ത്തിയാക്കുക എന്നത്  കര്‍ത്തവ്യമാണെന്നത് അവളുടെ തന്നെ തിരിച്ചറിവായിരുന്നു.

കെവിന്‍റെ പിതാവിന്‍റെ കൈപിടിച്ച് കെവിന്‍റെ അമ്മ മേരി നല്‍കിയ പൊതിച്ചോറും ബാഗിലാക്കി, സഹോദരിയുടെ വസ്ത്രങ്ങളും ധരിച്ചാണ് കെവിന്‍ ആഗ്രഹപ്രകാരം , പഠിക്കാനായി നീനു വീണ്ടും കോളേജിലേക്കെത്തിയത്. ഫീനിക്സ് പക്ഷിയായി എന്നാണ് മാതൃഭൂമി  ദിനപത്രം ആ തിരിച്ചുവരവിന്‍റെ ചിത്രത്തെ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിനും മേലെയാണ് ഈ കാഴ്ചയെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. അതിനപ്പുറമാണ് ആ നിശ്ചയദാര്‍ഢ്യവും മനോധൈര്യവുമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ജൂണ്‍ 14നാണ് മാതൃഭൂമി ഈ ചിത്രം പ്രസിദ്ധീകരിച്ചത്. കെവിന്‍റെ സഹോദരിയുടെ വസ്ത്രം ധരിച്ച്, തിമര്‍ത്ത് പെയ്ത മഴയുടെ ശേഷിപ്പുകള്‍ക്കിടയിലൂടെ ചെറുതായി പുഞ്ചിരിച്ച് അവള്‍ നടന്നുവരുന്നതായിരുന്നു ആ ചിത്രം. കരഞ്ഞു കലങ്ങിയ  നീനുവിന്‍റെ മുഖങ്ങള്‍ മാത്രമായിരുന്നു കഴിഞ്ഞ നാളുകളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞത്. കെവിന്‍ നഷ്ടമായപ്പോള്‍ ഹൃദയം തകര്‍ന്നു കരഞ്ഞ നീനുവിന് ഇന്ന് തന്‍റേതു മാത്രമല്ലാത്ത ചില സ്വപ്നങ്ങളുണ്ട്, അതിലേക്കാണ് അവള്‍ ചുവടുവയ്ക്കുന്നത്. ആ നിശ്ചയദാര്‍ഢ്യമാണ് ആ മുഖത്തെ ചിരി. 

ഒരു പത്രം പ്രസിദ്ധീകരിച്ച ഈ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നിരവധി ആളുകള്‍ ഈ ചിത്രം ഇന്നും ഫേസ്ബുക്ക് വാട്സാപ്പ് പ്രൊഫൈലുകളില്‍ സൂക്ഷിക്കുന്നു. വിഷാദങ്ങളുമായി പത്രമെടുത്ത എന്‍റെ ഏല്ലാ വിഷമങ്ങളും മറക്കാന്‍ സാധിച്ചുവെന്ന് ചിലരുടെ കമന്‍റുകള്‍. ആ ചുവടുകള്‍ക്ക് ശക്തിപകരാന്‍ കൂടെയുണ്ടെന്ന നിരവധി പേരുടെ ഉറപ്പുകള്‍. സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ അടുത്ത കാലത്ത്  ഏറ്റവും വൈകാരികമായി സമീപിച്ച ഒരു ചിത്രമായിരിക്കും ഇതെന്നതില്‍ സംശയുണ്ടാകില്ല.

കെവിന്‍ പി ജോസഫ് എന്ന 23 കാരനും നീനു ചാക്കോ എന്ന 20കാരിയും പ്രണയിച്ചു വിവാഹം കഴിച്ചതിന്‍റെ പേരിലായിരുന്നു മെയ് 27ന്  തട്ടിക്കൊണ്ടുപോയി നീനുവിന്‍റെ സഹോദരനും അച്ഛനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം കെവിനെ കൊന്നുകളഞ്ഞത്. മെയ് 28ന് രാവിലെയാണ് കെവിന്‍റെ മൃതദേഹം കൊല്ലം തെന്‍മല ചാലിയേക്കര തോട്ടില്‍ നിന്നും കണ്ടെത്തിയത്.  കേസില്‍ സഹോദരന്‍ ഷാനു ചാക്കോയെ ഒന്നാം പ്രതിയാക്കിയും അച്ഛന്‍ ചാക്കോയെ അഞ്ചാം പ്രതിയാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ