മൊബൈലില്‍ റേഞ്ചില്ല; ഫോണ്‍ ചെയ്യാന്‍ മരത്തില്‍ കയറി കേന്ദ്രമന്ത്രി

By Web DeskFirst Published Jun 5, 2017, 10:19 AM IST
Highlights

ബിക്കാനീര്‍: റോമന്‍സ് എന്ന മലയാള സിനിമയില്‍ മൊബൈലില്‍ റേഞ്ച് പിടിക്കാനായി ഉയരത്തില്‍ കയറി നില്‍ക്കുന്ന ലാലു അലക്സിന്റെ കഥാപാത്രം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഏതാണ്ട് അതുപോലെയായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍ കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തിലെത്തിയപ്പോഴത്തെ അവസ്ഥ. തന്റെ മണ്ഡലമായ രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് 12 കിലോ മീറ്റര്‍ അകലെയുള്ള ധോലിയ ഗ്രാമം സന്ദർശിച്ചപ്പോഴാണു മേഘ്‌വാളിന് ഒന്നു ഫോണ്‍ ചെയ്യാനായി മരം കയറേണ്ടിവന്നത്. ഡിജിറ്റല്‍ ഇന്ത്യക്കായി വലിയ പ്രചാരണം നടത്തുന്ന കേന്ദ്രസര്‍ക്കാരിന് തന്നെ നാണക്കേടായി സംഭവം.

ഗ്രാമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നില്ലെന്നു കേന്ദ്രമന്ത്രിയോടു നാട്ടുകാർ പരാതിപ്പെട്ടു. ഉടനെ മന്ത്രി ഫോണിൽ ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും നെറ്റ്‍വർക്ക് ഇല്ലായിരുന്നു. ഇതു ഗ്രാമത്തിലെ സ്ഥിരം പ്രശ്നമാണെന്നും മരക്കൊമ്പിൽ കയറിനിന്നാൽ കുറച്ചു റേഞ്ചു കിട്ടുമെന്നും ഗ്രാമീണർ പറഞ്ഞു.

നാട്ടുകാർതന്നെ ഏണി കൊണ്ടുവന്നു മരത്തിൽ ചാരിവച്ചു. മന്ത്രി അർജുൻ രാം മേഘ്‍‍വാൾ ഏണിയിൽ മുകളിലേക്കു കയറി. നാട്ടുകാര്‍ പറഞ്ഞപോലെ മരത്തില്‍ കയറിയപ്പോള്‍ നെറ്റ്‍വർക്ക് വന്നു. പിന്നീട് മന്ത്രി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. ഗ്രാമീണരുടെ പ്രശ്നങ്ങളിൽ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കുമെന്നു ഉറപ്പുനൽകിയാണു മന്ത്രി മടങ്ങിയത്. മരത്തിൽക്കയറിയുള്ള മന്ത്രിയുടെ ഫോൺവിളി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

 

click me!