ഈ-മെയില്‍ വിവാദത്തില്‍ ഹില്ലരി ക്ലിന്റണ് ക്ലീന്‍ ചിറ്റ്

By Web DeskFirst Published Nov 7, 2016, 2:20 PM IST
Highlights

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഈ-മെയില്‍ വിവാദത്തില്‍ ഹില്ലരി ക്ലിന്റണ് ക്ലീന്‍ ചിറ്റ്. ഹില്ലരിക്കെതിരെ തെളിവുകളൊന്നും കിട്ടിയില്ലെന്ന് എഫ് ബി ഐ ഡയറക്ടര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. എന്നാല്‍ ഹില്ലരിയെ സംരക്ഷിക്കാനാണ് പുതിയ റിപ്പോര്‍ട്ടെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്ക പോളിംഗ് ബൂത്തിലെത്താന്‍ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഹിലരി ക്ലിന്‍റണ് ഏറ്റവും ആശ്വാസം പകരുന്ന റിപ്പോര്‍ട്ട് എഫ് ബി ഐ കോണ്‍ഗ്രസിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇ-മെയില്‍ വിവാദത്തില്‍ ഹില്ലരിയെ പൂര്‍ണമായി കുറ്റവിമുക്തായക്കുന്നതായി എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി അറിയിച്ചു. പുതുതായി കണ്ടെത്തിയ ഇ-മെയിലുകള്‍ പൂര്‍ണമായി എഫ് ബി ഐ പരിശോധിച്ചു. എന്നാല്‍ വ്യക്തിപരമോ ഇതിന് മുമ്പ് പരിശോധിച്ചവയുടെ പകര്‍പ്പുകളോ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക ഇ-മെയില്‍ അയക്കുന്നതിനും മറ്റും സ്വകാര്യ സെര്‍വറുകള്‍ ‍ഉപയോഗിച്ചു എന്നായിരുന്നു ഹില്ലരിക്കെതിരായ ആരോപണം.

സ്വകാര്യ സെര്‍വര്‍ ഉപയോഗത്തില്‍ ഹില്ലരി അശ്രദ്ധ കാണിച്ചെങ്കിലും  കുറ്റം ചെയ്തതിന് തെളിവില്ലെന്ന് എഫ് ബി എ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് കൂടുതല്‍ ഇ-മെയിലുകള്‍ കണ്ടെത്തിയതോടെയാണ് പ്രശ്നം വീണ്ടും ചര്‍ച്ചയായത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വോഷിക്കാന്‍ എഫ്ബിഐ തീരുമാനിക്കുയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹില്ലരിക്കെതിരെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ഇ-മെയില്‍ വിവാദമായിരുന്നു. എന്നാല്‍ ഹില്ലരിയെ സംരക്ഷിക്കാനായി മാത്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് എഫ് ബി ഐ യുടെതെന്ന് ഡൊണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 6,00,000ത്തോളം ഇ-മെയിലുകള്‍ പരിശോധിക്കുക അസാധ്യാമാണെന്ന് പറഞ്ഞ ട്രംപ് ജനങ്ങള്‍ക്ക് സത്യം അറിയാമെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതിക്കാരെ സംരക്ഷിക്കുന്ന ഇത്തരം ദുഷിച്ച സംവിധാനത്തില്‍ മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. കുറ്റവിമുക്തയായെന്ന എഫ്ബിഐ പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് ക്യാംപ്.

 

click me!