
അണ്ണാ ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുക്കാനാണ് പാര്‍ട്ടിയുടെ നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സിലും ചേരുന്നത്. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പാര്‍ട്ടിയുടെ പരമോന്നതസമിതി യോഗം ചേരണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരമാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ 29ന് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. ചെന്നൈ റോയപ്പേട്ടയിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന അണ്ണാ ഡി.എം.കെ ജില്ലാ സെക്രട്ടറിമാരുടെ യോഗമാണ് കൗണ്‍സില്‍ നടക്കുന്ന തീയതി തീരുമാനിച്ചത്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വമുള്ളയാള്‍ക്കേ ജനറല്‍ സെക്രട്ടറിയാകാനാകൂ എന്നാണ് അണ്ണാഡിഎംകെയുടെ പാര്‍ട്ടി ഭരണഘടന പറയുന്നത്. ശശികലയ്‌ക്ക് വേണ്ടി പാര്‍ട്ടി നിര്‍വാഹക സമിതിയോഗം ഈ ചട്ടത്തില്‍ ഇളവ് വരുത്തും. തുടര്‍ന്ന് ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ ശശികലയെ സെക്രട്ടറിയായി തെരഞ്ഞെടുക്കും.
രാഷ്‌ട്രീയവൈരിയായ അണ്ണാ ഡി.എം.കെയില്‍ പുതിയ നേതൃത്വം സ്ഥാനമേറ്റെടുക്കാനൊരുങ്ങുമ്പോള്‍ മറുവശത്ത് ഡി.എം.കെയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി സ്റ്റാലിനെത്തിയേക്കുമെന്നാണ് സൂചന. നിലവിലെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അനാരോഗ്യം മൂലം നീട്ടിവെച്ച പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഈ മാസം 28നോ 30നോ ചേരുമെന്നാണ് കരുതപ്പെടുന്നത്. കലൈഞ്ജര്‍ ജീവിച്ചിരിക്കെ മറ്റൊരാള്‍ക്ക് അദ്ധ്യക്ഷന്റെ ചുമതല നല്‍കാന്‍ ഡി.എം.കെയുടെ ഭരണഘടനയിലും ഭേദഗതി ആവശ്യമാണ്. ഇക്കാര്യം ഡി.എം.കെ ജനറല്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് തീരുമാനിയ്‌ക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam