കുവൈത്തില്‍ വിദേശികളുടെ പുതുക്കിയ ചികില്‍സാനിരക്ക് പ്രഖ്യാപിച്ചു

By Web DeskFirst Published Aug 4, 2017, 12:52 AM IST
Highlights

കുവൈത്തില്‍ വിദേശികളുടെ ചികില്‍സാ സേവനങ്ങള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. സൗജന്യമായി നല്‍കിയിരുന്ന പല സേവനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വര്‍ധനവ് ഒക്‌ടോബര്‍ ഒന്ന് മുതല്‍ പ്രബല്ല്യത്തില്‍ വരുത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

സര്‍ക്കാര്‍ ആശുപത്രികളിലും പോളിക്ലിനിക്കുകളിലുമുള്ള ചികില്‍സാ സേവനങ്ങള്‍ക്കാണ് വര്‍ധനവ്. സ്ഥിരതാമസക്കാരായ വിദേശികള്‍ക്ക് ആശുപത്രികളില്‍ രണ്ട് ദിനാര്‍ ആയിരുന്ന പരിശോധന ഫീസ് അഞ്ചു ദിനാറാകും. ക്ലിനിക്കുകളില്‍ നേരത്തെ ഒരു ദിനാര്‍ ഈടാക്കിയിരുന്നത് രണ്ടു ദിനാര്‍ ആയും ഉയരും.

ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളില്‍ രണ്ടു എന്നുള്ളത് പത്തു ദിനാര്‍ ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ആശുപത്രികളിലെ പൊതു വാര്‍ഡുകളില്‍ കിടത്തിച്ചികിത്സയ്ക്ക് ദിനംപ്രതി പത്ത് ദിനാര്‍ വച്ച് നല്‍കേണ്ടിവരും. അതുപോലെ തന്നെ, ഐസിയു സേവനത്തിന് 30 ദിനാര്‍വീതം പ്രതിദിനമാകും. ഇത് രണ്ടും ഇപ്പോര്‍ സൗജന്യമായിട്ടാണ് നല്‍കി വരുന്നത്.

സര്‍ക്കാര്‍ ആശുപത്രിയിലെ സ്വകാര്യമുറികള്‍ക്ക് പ്രതിദിനം 50 ദിനാറാകും ഫീസ്. ഇതിന് വേണ്ടി 200 ദിനാര്‍ ഡിപ്പോസിറ്റ് നല്‍കണം. ഔട്ട് പേഷ്യന്റ്‌സ് വിഭാഗം, ചികിത്സ, എക്‌സ്‌റേ, മറ്റ് ലബോറട്ടറി ടെസ്റ്റുകള്‍ തുടങ്ങിയവയ്ക്കും വര്‍ധനവ് ഉണ്ട്. സര്‍ജറികള്‍, ലബോറട്ടറി ടെസ്റ്റുകള്‍ എന്നിവയ്ക്കും മെഡിക്കല്‍ ചെക്കപ്പുകള്‍ എന്നിവയ്ക്കും ഫീസ് വര്‍ധിക്കും. മറ്റേര്‍ണിറ്റി ആശുപത്രികളില്‍ ചെക്കപ്പിന് പത്ത് ദിനാറും പ്രസവത്തിന് 50 ദിനാറും ഫീസായി നല്‍കണം. നിലവില്‍ ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന ആനുകൂല്യളാണിവ. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് പ്രധാന ശസ്ത്രക്രിയയ്ക്ക് അഞ്ഞൂറ് ദിനാറും, മൈനര്‍ സര്‍ജറിക്ക് 250 ദിനാറും നല്‍കേണ്ടിവരും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ശസ്ത്രക്രിയയ്ക്ക് 600 ദിനാര്‍ നല്‍കണമെന്നുമാണ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുള്ളത്.

click me!