ഇവിടെ ലൈംഗികവൃത്തിയും വിദഗ്ധ തൊഴില്‍; യോഗ്യത മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം

By Web DeskFirst Published Apr 26, 2018, 3:34 PM IST
Highlights
  • താല്‍ക്കാലിക വിസയില്‍ വരുന്നവര്‍ക്ക് ഈ തൊഴിലില്‍ ഏര്‍പ്പെടാനും സാധിക്കില്ല
  • ഈ യോഗ്യത ഉള്ളവര്‍ക്ക്  റെസിഡന്റ് വിസ ലഭിക്കാന്‍ കടമ്പകള്‍ കൂടുതലാണ്

വെല്ലിങ്ടണ്‍: ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003 ല്‍ ന്യൂസിലന്‍ഡില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തേയ്ക്ക് കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ തൊഴില്‍ പരിചയത്തില്‍ ലൈംഗികവൃത്തിയ്ക്കും ഇടം നല്‍കി ന്യൂസിലന്‍ഡ്. എസ്കോര്‍ട്ട് പോകുന്നതും ലൈംഗികവൃത്തിയും തൊഴില്‍ പരിചയത്തില്‍ ഉള്‍പ്പെടുത്താമെന്ന് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കി. 

ലൈംഗികവൃത്തിയെ തൊഴില്‍ പരിചയത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഈ യോഗ്യത ഉള്ളവര്‍ക്ക്  റെസിഡന്റ് വിസ ലഭിക്കാന്‍ ഏറെ കടമ്പകള്‍ ഉണ്ടെന്നും ഇമിഗ്രേഷന്‍ വിഭാഗം വിശദമാക്കി. താല്‍ക്കാലിക വിസയില്‍ വരുന്നവര്‍ക്ക് ഈ തൊഴിലില്‍ ഏര്‍പ്പെടാനും സാധിക്കില്ലെന്നും അധികൃതര്‍ വിശദമാക്കി.  ഓസ്ട്രേലിയൻ ആൻഡ് ന്യൂസീലൻഡ് സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് പട്ടികയിൽ അനുശാസിക്കുന്ന യോഗ്യതകൾ ഉള്ളവർക്കു മാത്രമേ ഇത്തരത്തില്‍ അപേക്ഷിക്കാനും സാധിക്കൂവെന്നും ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി. ഈ പട്ടിക അനുസരിച്ച് ഈ തൊഴിൽ സ്വീകരിക്കുന്നവർക്ക് സെക്കൻഡറി വിദ്യാഭ്യാസവും മൂന്നുവര്‍ഷത്തെ പരിചയവും ആവശ്യമാണ്. എന്നാല്‍ ഈ പട്ടികയില്‍ 5 പോയിന്റ് ലഭിക്കുന്നവരെ മാത്രമാണ് ഈ തൊഴിലില്‍ മികച്ച് നില്‍ക്കുന്നവരായി സര്‍ക്കാര്‍ പരിഗണിക്കുകയുള്ളു. 

ലൈംഗികത്തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 2003 ല്‍ ലൈംഗികവൃത്തി കുറ്റമല്ലാതാക്കുന്ന നിയം ന്യൂസിലന്‍ഡ് പാസാക്കിയത്. ഈ നീക്കത്തിനെ  ഒട്ടേറെപ്പേർ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഈ ജോലിക്കായി വീസ അപേക്ഷ ആരും നൽകിയിട്ടില്ലെന്നും അധികൃതര്‍ വിശദമാക്കി. 

click me!