സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ അടുത്ത ഘട്ടം നവംബറില്‍

By Gopala krishnanFirst Published Oct 12, 2017, 11:41 PM IST
Highlights

ജിദ്ദ: സൗദിയില്‍ വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടം അടുത്ത മാസം ആദ്യത്തില്‍ പ്രാബല്യത്തില്‍ വരും. ഏഴു ലക്ഷത്തിനടുത്ത് തൊഴിലാളികള്‍ പുതിയ പദ്ധതിയുടെ പരിധിയില്‍ വരും. നാല്‍പ്പത് മുതല്‍ അമ്പത്തിയൊമ്പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയാണ് വേതന സുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

14,288സ്ഥാപനങ്ങളിലുള്ള 6,87,607 ജീവനക്കാര്‍ ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരും. നവംബര്‍ ഒന്നിനാണ് പദ്ധതി പ്രാബല്യത്തില്‍ വരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം കൃത്യ സമയത്ത് ബാങ്ക് വഴി ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയാണ് വേതന സുരക്ഷാ പദ്ധതിയിലൂടെ. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

പിഴ, സര്‍ക്കാര്‍-പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ നിര്‍ത്തി വെക്കല്‍ തുടങ്ങിയവയാണ് നിലവില്‍ സ്വീകരിച്ചു വരുന്ന ശിക്ഷ. ഘട്ടം ഘട്ടമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനാണ് നീക്കം. അടുത്ത വര്‍ഷം നവംബറോടെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരും. ഒന്ന് മുതല്‍ പത്ത് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ പദ്ധതിക്ക് കീഴില്‍ വരുന്ന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

click me!