ലോകകപ്പ് നേടാനുള്ള അര്‍ഹത ഞങ്ങള്‍ക്കുണ്ട്: നെയ്മര്‍

By Web deskFirst Published Jun 4, 2018, 3:46 AM IST
Highlights
  • മെസിക്കൊപ്പം ഒരു ക്ലബ്ബില്‍ കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. എന്‍റെ അഭിപ്രായത്തില്‍ മെസിയാണ് ഏറ്റവും മികച്ചവന്‍. പക്ഷേ, ക്രിസ്റ്റ്യാനോയെ ഒരിക്കലും തള്ളി കളയാനാവില്ല. 

വീണ്ടുമൊരു ലോകകപ്പ്, ഇത്തവണ ബ്രസീലിന് സാധിക്കുമോ?

ഞങ്ങള്‍ക്ക് അത് സാധിക്കുമെന്ന് ഉറച്ച വിശ്വസിക്കുന്നുണ്ട്. വളരെ മികച്ച സംഘമാണ്. മികച്ച രീതിയില്‍ പരിശീലിക്കുകയും ചെയ്യുന്നു. ലോകകപ്പ് നേടാനുള്ള അര്‍ഹത ഞങ്ങള്‍ക്കുണ്ടെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കൂടുതല്‍ വിശദീകരിക്കാമോ?

ദക്ഷിണ അമേരിക്കയില്‍ നിന്ന് ഏറ്റവും ആദ്യം ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ച ടീം ബ്രസീലാണ്. യോഗ്യത പോരാട്ടത്തില്‍ കുറഞ്ഞത് 18 മത്സരങ്ങള്‍ എങ്കിലും കളിക്കണം. അതും വ്യത്യസ്ത രാജ്യങ്ങളില്‍ പല കാലാവസ്ഥ സാഹചര്യങ്ങളില്‍. ഫുട്ബോള്‍ താരങ്ങള്‍ക്ക് അത് വലിയ പരീക്ഷണമാണ്. കെെയില്‍ ആവശ്യത്തിലധികം മത്സരങ്ങളുള്ളപ്പോള്‍ യോഗ്യത ഏറ്റവും മികച്ച രീതിയില്‍ ഞങ്ങള്‍ നേടി. ഈ ഫോം റഷ്യയിലും തുടരുകയാണ് ലക്ഷ്യം.

പരിക്ക് പ്രശ്നമാകുമോ?

ഇപ്പോള്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാന്‍ സാധിച്ചു. പിഎസ്ജിക്ക് വേണ്ടി കളിച്ചപ്പോള്‍ പരിക്കേറ്റത് വലിയ തിരിച്ചടിയായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ പെട്ടെന്ന് തീരുമാനമെടുത്തു. മനസില്‍ ചെറിയ ഉത്കണഠയുണ്ടായിരുന്നു. ലോകകപ്പിനെ കുറിച്ചുള്ള ചിന്തകളായിരുന്നു മനസില്‍. എനിക്ക് തോന്നുന്നത് ഇത്തവണ എല്ലാ ഞങ്ങള്‍ക്ക് അനുകൂലമാണെന്നാണ്.

2014 ലെ സെമി ഫെെനലിനെ കുറിച്ച്?

അതില്‍ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്‍റെ കരിയര്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലുള്ള പരിക്കായിരുന്നു 2014 ലോകകപ്പ് ക്വാര്‍ട്ടില്‍ സംഭവിച്ചത്. രണ്ടു സെന്‍റീമീറ്ററുകള്‍ വലത്തോട്ട് മാറിയിരുന്നെങ്കില്‍ ജീവിതം വീല്‍ചെയറില്‍ ആകുമായിരുന്നു. വളരെ വേഗം തിരിച്ചെത്താന്‍ സാധിച്ചതിലും ഞാന്‍ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക്  തിരിച്ചെത്തിച്ചതിലും ദെെവത്തിന് നന്ദി. ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസകരമായ തോല്‍വിയായിരുന്നു ജര്‍മനിയോടുള്ളത്. പ്രത്യേകിച്ച് പരിക്കേറ്റ് കളത്തിന് പുറത്തിരിക്കുമ്പോള്‍. ഇത്തവണ എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാന്‍ തയാറായിട്ടാണ് ഒരുങ്ങിയെത്തുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ കടുപ്പമാകുമോ?

ഇതൊരു ലോകകപ്പാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച 32 ടീമുകളിലൊന്നായോണ്ടാണ് കളിക്കാന്‍ സാധിക്കുന്നത്. ലോകകപ്പില്‍ എളുപ്പമുള്ള ഒരു മത്സരം പോലും ഉണ്ടാവില്ല. ഗ്രൂപ്പിലുള്ളവരില്‍ സ്വിറ്റ്സര്‍ലണ്ടിന് മികച്ച ഒരു ഫുട്ബോള്‍ ചരിത്രമാണുള്ളത്. പുതിയ രാജ്യമായതു മുതല്‍ സെര്‍ബിയ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. യുഎസ്എ എന്തു കൊണ്ട് ഈ ലോകകപ്പിനില്ല എന്നതിന്‍റെ ഉത്തരമാണ് കോസ്റ്റാറിക്ക. വളരെ പ്രായാസകരമായ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

മെസിയും റൊണാള്‍ഡോയും

അവരുടെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളാണ് ഇരുവരും.  മെസിക്കൊപ്പം കളിക്കാനായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളില്‍  ഒന്നാണ്. ഒരു ഫുട്ബോള്‍ താരമെന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്.  മെസിക്കൊപ്പം ഒരു ക്ലബ്ബില്‍ കളിക്കുകയെന്നത് ഒരു സ്വപ്നമായിരുന്നു. എന്‍റെ അഭിപ്രായത്തില്‍ മെസിയാണ് ഏറ്റവും മികച്ചവന്‍. പക്ഷേ, ക്രിസ്റ്റ്യാനോയെ ഒരിക്കലും തള്ളി കളയാനാവില്ല. കളത്തിലെ അദ്ദേഹത്തിന്‍റെ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നവയാണ്. അര്‍ജന്‍റീനയ്ക്കും പോര്‍ച്ചുഗലിനും ഈ ലോകകപ്പ് വളരെ കടുപ്പമേറിയതാണ്. പക്ഷേ, തങ്ങളുടെ രാജ്യത്തിന് മികച്ച ഫലമുണ്ടാക്കാനായി ഈ രണ്ടു മാന്ത്രികന്മാര്‍ അവരുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. 

ലോകകപ്പിലെ ഫേവറീറ്റ് ടീം

ഉറപ്പായും ബ്രസീല്‍ തന്നെ. കാര്യമായി പറയുകയാണെങ്കില്‍ അതിനൊപ്പം കുറച്ചു ടീമുകള്‍ കൂടെയുണ്ട്. ഞങ്ങളുടെ ഭൂഖണ്ഡത്തില്‍ നിന്നുള്ള അര്‍ജന്‍റീനയും യുറഗ്വേയും. ലോകകപ്പ് നടക്കുന്ന യൂറോപ്പിലായതിനാല്‍ യൂറോപ്യന്‍ ടീമുകളായിരിക്കും ഫേവറീറ്റ് പട്ടികയില്‍ കൂടുതല്‍. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, പോര്‍ച്ചുഗല്‍... അങ്ങനെ ഒരു ടീമിനെയായി തെരഞ്ഞെടുക്കുന്നത് പ്രയാസകരമാണ്. 

 

click me!