പുതുവൈപ്പ് ടെർമിനലിനെതിരെ സമരസമിതി നൽകിയ ഹര്‍ജി തള്ളി

By Web DeskFirst Published Dec 22, 2017, 11:33 AM IST
Highlights

ചെന്നൈ: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നൽകിയ  ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. അപകട ഭീഷണി സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് ജസ്റ്റിസ് എം എസ് നമ്പ്യാരുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. 

പുതുവൈപ്പിനിലെ തീരദേശമേഖലയ്ക്ക് വൻതോതിൽ പരിസ്ഥിതിനാശം ഉണ്ടാക്കുന്ന പദ്ധതി റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വിധിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഐഒസിക്ക് മുന്നോട്ട് പോകാം. നിലവിൽ പുതുവൈപ്പ് ടെർമിനലിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ പാരിസ്ഥിതികാനുമതിയ്ക്ക് അനുസൃതമല്ലെന്നും ഹർജി ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ധാംഗമില്ലാതെ ജുഡീഷ്യൽ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിതട്രൈബ്യൂണൽ ആക്ടിലെ ചട്ടം. 

എന്നാൽ, ജഡ്ജിമാരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളിൽ സിംഗിൾ ബെഞ്ചിനും വിധി പറയാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് എൻജിടി കേസിൽ വിധി പറഞ്ഞത്. കൊച്ചി പുതുവൈപ്പിനിൽ ഐഒസി പ്ലാന്റിന് നിർമ്മാണ തടസ്സമില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സമരസമിതി.
 വാദത്തിനിടെ ഐഒസിക്കെതിരെ നിലപാടെടുത്ത സർക്കാർ അഭിഭാഷകയെ മാറ്റിയതിലും, തീരദേശഭൂപടത്തിൽ സർക്കാർ തിരിമറി നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങൾ സമരസമിതി ആവർത്തിച്ചു.
 

ജനവാസമേഖലയിലെ പദ്ധതി നിന്ന് ഐഒസി പിന്മാറും വരെ സമരവുമായി മുന്നോട്ടെന്നും അവർ വ്യക്തമാക്കി. ഈ വിധി പ്രതീക്ഷിച്ചതാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് അപ്പീൽ നൽകുമെന്നും ഐഒസി പുതുവൈപ്പിനിൽ നിന്ന് പോകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും പുതുവൈപ്പിൻ സമരസമിതി വിശദമാക്കി. 

click me!