Latest Videos

കനകമല രഹസ്യയോഗം: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

By Web DeskFirst Published Aug 11, 2017, 8:12 PM IST
Highlights

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി  അധിക കുറ്റപത്രം സമര്‍പ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രതികള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ച മൊയ്‌നുദ്ദീന്‍ പാറക്കടവത്തിനെ പ്രതിചേര്‍ത്താണ് അധിക കുറ്റപത്രം. കേസില്‍ നേരത്തെ എട്ടുപ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പിച്ചിരുന്നു.

കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ രണ്ടാം പ്രതിയായ സ്വാലിഹ് മുഹമ്മദിന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഒഴിവാക്കപ്പെട്ട മൊയ്‌നുദ്ദീനെ കേസില്‍ വീണ്ടും പ്രതി ചേര്‍ത്തത്. ഗള്‍ഫിലായിരുന്ന ഇയാളെ നാടുകടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍.ഐ.എ അറസ്റ്റുചെയ്തത്. 67 ദിവസം അബുദാബിയിലെ ജയിലിലായിരുന്നു ഇയാള്‍. നേരത്തെ ഇതേ കേസില്‍ എന്‍ഐഎ എട്ടുപ്രതികള്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ, കോയമ്പത്തൂര്‍ സ്വദേശി റാഷിദ്, കോഴിക്കോട് സ്വദേശി മന്‍സീദ്, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ എന്‍.കെ. ജാസിം, റംഷാദ്, തിരൂര്‍ സ്വദേശി സഫ്വാന്‍, കോഴിക്കോട് സ്വദേശി സജീര്‍, എന്നിവര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. രഹസ്യവിവരത്തെ തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറിലാണ് കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടിയത്. കേരളത്തിലെ വിവിധ ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തി. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയും ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

click me!