
ദില്ലി: മോഷ്ടാവാണെന്ന് ആരോപിച്ച് ദില്ലിയില്‍ നൈജീരിയൻ യുവാവിനെ ആൾകൂട്ടം പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. സൗത്ത് ദില്ലിയിലെ മാളവ്യ നഗറിലായിരുന്നു സംഭവം. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ചാണ് പത്തോളം പേര് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാവിന്റെ തലയ്ക്കും മുഖത്തും കൈയിലും ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മർദനമേറ്റു. റോഡിലെ വിളക്കുകാലിൽ കെട്ടിയിട്ടായിരുന്നു മർദനം. മര്‍ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബർ 24 ന് പുലർച്ചെ യുവാവിനെ മാളവ്യ നഗർ സ്വദേശി കൃഷ്ണകുമാറിന്റെ വീട്ടിൽനിന്നാണ് പിടികൂടിയത്. എന്നാൽ ഇയാളെ മണിക്കൂറുകൾക്കു ശേഷമാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. മർദനമേറ്റ് ഇയാൾ ഇതിനകം അബോധാവസ്ഥയിലായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ വീടിന്റെ പടികളിൽനിന്ന് വീണാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിയതാണെന്ന് വ്യക്തമായത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. തന്നെ വെറുതെവിടണമെന്നാവശ്യപ്പെട്ട് ഇയാൾ കരയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആൾക്കൂട്ടം അത്യാവേശത്തോടെ ഇയാളെ വലിയ വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. വീഡിയോ ക്ലിപ്പുകളിലൊന്നിൽ യുവാവിന്റെ അടിവസ്ത്രമൊഴിച്ച് മറ്റു വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റിയ ശേഷവും മർദനം തുടർന്നതായി ദൃശ്യമാണ്.
നിരവധി ആഫ്രിക്കൻ വിദ്യാർഥികൾ താമസിക്കുന്ന സ്ഥലമാണ് മാളവ്യ നഗർ. മർദനമേറ്റ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും മർദിച്ചവർ ആരും പിടിയിലായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam