നിപ്പാ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടുതൽ നിയന്ത്രണം

By Web DeskFirst Published May 26, 2018, 6:51 PM IST
Highlights
  • അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിശോധിച്ചാൽ മതിയെന്ന്  സർക്കുലർ.

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണം. അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രം പരിശോധിച്ചാൽ മതിയെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വകുപ്പ് മേധാവികൾക്ക് സർക്കുലർ അയച്ചു.

അത്യാവശ്യ കേസുകൾ അല്ലെങ്കിൽ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റ് ഗവണ്‍മെന്‍റ് ആശുപത്രികളെ സമീപിക്കണമെന്നാണ് പ്രധാന നിർദേശം. ഡോക്ടർമാർ, ജൂനിയർ റസിഡന്‍റുമാർ, ഹൗസ് സർജന്‍റ്സ് സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും ഈ സാഹചര്യത്തിൽ ലീവ് അനുവദിക്കില്ലെന്നും അസുഖബാധയെ തുടർന്നുള്ള ലീവ് മെഡിക്കൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റോടെ മാത്രമേ അനുവദിക്കാനാകൂവെന്നും സർക്കുലറിൽ പറയുന്നു. 

പ്രോട്ടോക്കോൾ പ്രകാരം ഓരോ വകുപ്പിലുമുള്ള ഡ്രസ്സ് കോഡ് നിർബന്ധമായും പാലിക്കേണ്ടതാണെന്നും ആശുപത്രി ജീവനക്കാർ കൈകളിൽ ആഭരണം പാടെ ഒഴിവാക്കുകയും ജോലി സമയത്ത് മൊബൈൽ ഫോണ്‍ വാച്ച് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും സർക്കുലറിൽ പറയുന്നു. സാധാരണ പ്രസവ ക്കേസുകൾക്ക് ബീച്ച് ആശുപത്രി, ജില്ല ആശുപത്രി എന്നിവയെ ആശ്രയിക്കണമെന്നും നിർദേശമുണ്ട്. ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന അടിയന്തിര യോഗത്തിന്‍റെ തീരുമാനമായാണ് പ്രിൻസിപ്പൽ സർക്കുലർ ഇറക്കിയത്. 

click me!