
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറശാല കേന്ദ്രീകരിച്ച് നടന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നൂറ് കണക്കിന് നിക്ഷേപകരുടെ പണം നഷ്‌ടപ്പെട്ട സംഭവം ഗൗരവമായി എടുക്കുമെന്നും ഡിജിപി അറിയിച്ചു. നിക്ഷേപകരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുമായി ചിട്ടിക്കമ്പനി ഉടമ മുങ്ങിയ സംഭവത്തില്‍ ബിനാമികളില്‍ ഒരാള്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കേരളാ തമിഴ്നാട് അതിര്‍ത്തിയിലെ ധനകാര്യ സ്ഥാപനമായിരുന്ന നിര്‍മ്മല്‍ കൃഷ്ണ ചിട്ടി കമ്പനി പൂട്ടി ഉടമ മുങ്ങിയതോടെ നൂറ് കണക്കിന് നിക്ഷേപകരാണ് പെരുവഴിയിലായത്. പതിനായിരം രൂപ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവര്‍ ഇതിനകം പരാതിയുമായി എത്തിയിട്ടുണ്ട്. 13685 ഇടപാടുകാരുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കണക്ക്. വിശദമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തത് തമിഴ്നാട്ടിലായതിനാല്‍ അന്വേഷണം നടത്തുന്നതില്‍ നിയമപരമായി ബുദ്ധിമുട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പണം നഷ്‌ടപ്പെട്ടവരുടെ വിവരശേഖരണം, ഉടമയുടെ ബിനാമി ഇടപാടുകള്‍, രാഷ്‌ട്രീയ ബന്ധങ്ങള്‍ ഒളിവില്‍ കഴിയാനിടയുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അനില്‍കുമാറിന് കിട്ടിയ നിര്‍ദ്ദേശം. അതിനിടെ ബിനാമി ഇടപാടുകാരില്‍ ചിലര്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് വിവരം. ചിട്ടി കമ്പനി ഉടമയടക്കം കേസിലുള്‍പ്പെട്ടവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതക്കെതിരെയും മുന്‍കരുതലുണ്ടെന്ന് തമിഴ്നാട് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam