നിര്‍മ്മലാ സീതാരാമന്‍ പ്രതിരോധ മന്ത്രി; കണ്ണന്താനത്തിന് ടൂറിസം

By Web DeskFirst Published Sep 3, 2017, 1:41 PM IST
Highlights

ദില്ലി: അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയും ഇലക്ട്രോണിക്‌സ് ഐ.ടി വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും നല്‍കി. സുപ്രധാനമായ പ്രതിരോധ മന്ത്രാലയം നിര്‍മ്മലാ സീതാരാമന് കൈമാറി. ഉമാഭാരതിയുടെ കൈയ്യില്‍ നിന്ന് ജലവിഭവമന്ത്രാലയം എടുത്തു മാറ്റി. പിയൂഷ് ഗോയലാണ് പുതിയ റെയില്‍വെ മന്ത്രി.

മൂന്നു വര്‍ഷത്തിനു ശേഷമാണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടായത്. ടൂറിസം വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിസഭയില്‍ എത്തിയത്. ഒപ്പം ഇലക്ട്രോണിക്‌സ്-ഐ.ടി വകുപ്പില്‍ സഹമന്ത്രിസ്ഥാനവും അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്കി.  ഇന്ദിരാഗാന്ധിക്കു ശേഷം ഒരു വനിതയെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാക്കിക്കൊണ്ട് നരേന്ദ്ര മോദി അപ്രതീക്ഷിത നീക്കം നടത്തി. അരുണ്‍ ജെയ്റ്റ്‍ലി വഹിച്ചിരുന്ന പ്രതിരോധ മന്ത്രിസ്ഥാനം നിര്‍മ്മലാ സീതാരാമന് നല്കി. നിര്‍മ്മലാ സീതാരാമന് പകരം സുരേഷ് പ്രഭുവാണ് പുതിയ വാണിജ്യമന്ത്രി. സുരേഷ് പ്രഭു ഒഴിഞ്ഞ റെയില്‍ മന്ത്രാലയം കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ പിയൂഷ് ഗോയലിന് നല്കി. ധര്‍മ്മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നഖ്‍വി ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തില്‍ തുടരും. 

ധര്‍മ്മേന്ദ്ര പ്രധാന് പെട്രോളിയത്തിന് പുറമെ നൈപുണ്യ വികസനത്തിന്റെ കൂടി ചുമതല നല്കി. സ്മൃതി ഇറാനി വാര്‍ത്താവിതരണ, ടെക്സ്റ്റൈല്‍ മന്ത്രിയായി തുടരും. ഉമാഭാരതിയെ ജലവിഭവം, ഗംഗാശുചീകരണം എന്നിവയില്‍ നിന്ന് മാറ്റി കുടിവെള്ളം ശുചിത്വം എന്നീ വകുപ്പുകള്‍ മാത്രം നല്കി. നിതിന്‍ ഗഡ്കരിക്ക് നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമെ ജലവിഭവം കൂടി നല്കി. ടൂറിസം മന്ത്രിയായിരുന്ന മഹേഷ് ശര്‍മ്മയ്‌ക്ക് സാംസ്കാരിക വകുപ്പിന്റെ മാത്രം സ്വതന്ത്ര ചുമതലയേ ഉണ്ടാകൂ. കായിക മന്ത്രിയായ വിജയ് ഗോയലിന്റെ സ്വതന്ത്ര ചുമതല ഒഴിവാക്കി പാര്‍ലമെന്ററികാര്യ സഹമന്ത്രിയാക്കി. ഒളിമ്പിക് മെഡല്‍ ജേതാവ് രാജ്യവര്‍ദ്ധന്‍ സിംഗ് റാതോഡാണ് കായികമന്ത്രി. വാര്‍ത്താവിതരണ സഹമന്ത്രി സ്ഥാനത്തും റാതോഡ് തുടരും. 

മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെസിംഗിന് ഊര്‍ജ്ജവകുപ്പിന്റെയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന ഹര്‍ദീപ് പുരിക്ക് നഗര വികസന മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതല നല്കി. പരിസ്ഥി മന്ത്രിയായി ഹര്‍ഷവര്‍ദ്ധന്‍ തുടരും. ഷിപ്പിംഗ് സഹമന്ത്രി പൊന്‍രാധാകൃഷ്ണന് ധനകാര്യ സഹമന്ത്രി സ്ഥാനം കൂടി നല്കി. സഖ്യകക്ഷികളെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പുനഃസംഘടന നടന്നത്. സഖ്യകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

click me!