നിസ്സാമിനെതിരായ പരാതി പിന്‍വലിക്കുന്നെന്ന് സഹോദരങ്ങള്‍

By Web DeskFirst Published Oct 24, 2016, 10:54 AM IST
Highlights

നിസ്സാം ഫോണില്‍ വധഭീഷണി മുഴക്കിയെന്ന സഹോദരങ്ങളുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്‌.പി സുരേഷ് കുമാര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് റൂറല്‍ എസ്‌.പി ആര്‍. നിശാന്തിനിക്ക് സമര്‍പ്പിച്ചത്. പരാതിക്കാരായ അബ്ദുള്‍ നിസ്സാര്‍, അബ്ദുള്‍ റസാഖ്, നിസ്സാമിന് ഫോണ്‍ കൈമാറിയ ജീവനക്കാരന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയശേഷമാണ് നിസ്സാമിനെതിരായ റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് അന്തിക്കാട് എസ്.ഐയോട് കേസെടുക്കാന്‍ റൂറല്‍ എസ്‌.പി നിര്‍ദ്ദേശിച്ചത്. വധഭീഷണി മുഴക്കി, അസഭ്യം പറഞ്ഞു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തുന്നത്. 

ഇതിനിടെയാണ് പരാതി പിന്‍വവലിക്കുന്നെന്ന് കാണിച്ച് നിസ്സാമിന്റെ സഹോദരങ്ങള്‍ റൂറല്‍ എസ്‌.പിയെ സമീപിച്ചത്. പെട്ടെന്നുള്ള പ്രകോപനത്താലാണ് പരാതി നല്‍കിയതെന്നും കുടുംബത്തിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് പരാതി പിന്‍വലിക്കുന്നതെന്നുമാണ് കത്തിലുള്ളത്. എന്നാല്‍ കേസെടുത്ത സാഹചര്യത്തില്‍ അന്വേഷവുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ വിശദാന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രബോസിന്‍റെ കുടുംബം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കണ്ടു. അതിനിടെ ജയിലില്‍ നിസ്സാം ഫോണ്‍ ഉപയോഗിച്ചെന്ന പരാതിതിയില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നിസ്സാമിന്റെ സഹ തടവുകാരില്‍ നിന്നും മൊഴിയെടുത്തു.

click me!