
നിതാഖാതിനെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസപദ്ധതിയും താളംതെറ്റി. നോര്‍ക്ക ശുപാര്‍ശ ചെയ്തിട്ടും ബാങ്കുകളില്‍ നിന്നും വായ്പ കിട്ടിയത് 12 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ്.
സൗദിയില്‍ നിന്നും നിതാഖാത്തില്‍ കുരുങ്ങി കേരളത്തിലേക്ക് 4 വര്‍ഷത്തിനുള്ളില്‍ മടങ്ങിയത് നോര്‍ക്കയുടെ കണക്ക് പ്രകാരം 24,928 പേരാണ്. ഇവരുടെ പുനരധിവാസത്തിനായി 20 ലക്ഷംരൂപവരെ പ്രത്യേക പാക്കേജിലൂടെ ബാങ്ക് വായ്പ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി നോര്‍ക്ക ബാങ്കുകളുമായി ധാരണയുണ്ടാക്കി.
എന്നാല്‍ മടങ്ങിയെത്തിയവരുടെ സാഹചര്യം കാണക്കിലെടുത്ത് വായ്പ നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നൊരു ധാരണ നോര്‍ക്ക ബാങ്കുകളുമായി ഉണ്ടാക്കിയില്ല. ബാങ്കുകള്‍ തങ്ങളുടെ കര്‍ശനവ്യവസ്ഥകളില്‍ ഉറച്ച് നിന്നതോടെ ഭൂരിഭാഗം പേര്‍ക്കും വായ്പകിട്ടാത്ത സാഹചര്യമുണ്ടായി. വസ്തുവിൻറെ രേഖകളും ജാമ്യം നില്‍ക്കാനുള്ള വ്യക്തികളും സംരഭം തുടങ്ങുന്നതിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റുകളും തുടങ്ങി വായ്പ ലഭിക്കണമെങ്കില്‍ പ്രവാസികള്‍ താണ്ടേണ്ട കടമ്പകള്‍ നിരവധിയായിരുന്നു.
വിവരാവകാശനിയമപ്രകാരം നോര്‍ക്ക നല്‍കിയ മറുപടിയില്‍, വായ്പകള്‍ക്കായി നോര്‍ക്ക ശുപാര്‍ശ ചെയ്ത 10,461 പേരില്‍ 1254 പേര്‍ക്ക് മാത്രമാണ് നിതാഖാത് പാക്കേജില്‍ വായ്പ കിട്ടിയിട്ടുള്ളത്. നോര്‍ക്കയേയും ബാങ്കുകളേയും ഒരുപോലെ കുറ്റപ്പെടുത്തുകയാണ് വായ്പ ലഭിക്കാത്തവര്‍.
പദ്ധതി നടത്തിപ്പില്‍ വീഴ്ച പറ്റിയെന്ന് അന്ന് പ്രശ്നത്തില്‍ മന്ത്രിസഭ നിയോഗിച്ച ഉപസമിതിയിലെ അംഗമായ മുൻ മന്ത്രി മഞ്ഞളാംകുഴി അലി തന്നെ തുറന്നുപറയുന്നു. ഇതു തന്നെയാണ് പദ്ധതി വിജയിക്കാതെ പോയതിൻറെ കാരണമായി ബാങ്കുകള്‍ വിലയിരുത്തുന്നതും
ബാങ്കുകള്‍ക്ക് വായ്പ വ്യവസ്ഥകള്‍ മാറ്റുന്നതിന് പരിമിതികളുണ്ടായിരിക്കും. പക്ഷേ വായ്പക്ക് ശുപാര്‍ശ ചെയ്യുന്നതോടെ കടമ അവസാനിപ്പിച്ചുവെന്ന നിലപാടായിരുന്നു നോര്‍ക്കയുടേതെന്ന് പറയാതെ വയ്യ.
പ്രവാസികള്‍ക്ക് വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങള്‍ പലതും വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് തെളിയിക്കുന്നതാണ് നിതാഖാത് പാക്കേജിൻറെ അവസ്ഥ..പ്രഖ്യാപനങ്ങള്‍ നടത്തിയ ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാറോ സംഘടനകളോ ആരും അന്വേഷിക്കുന്നില്ലെന്നതാണ് വസ്തുത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam