നിതീഷ് ഖട്ടാര കൊലക്കേസ്: പ്രതികള്‍ക്ക് 25 വര്‍ഷം തടവ്

By Web DeskFirst Published Oct 3, 2016, 1:11 AM IST
Highlights

ദില്ലി: ദില്ലിയിലെ പ്രമാദമായ നീതീഷ് ഖട്ടാര കൊലക്കേസിൽ മുഖ്യപ്രതികൾക്ക് കടുത്ത ശിക്ഷ ശരിവെച്ച് സുപ്രീകോടതി. പ്രതികളായ വികാസ് യാദവ് ഉൾപ്പടെ രണ്ടുപേര്‍ക്ക് 25 വര്‍ഷത്തെ കഠിന തടവും മൂന്നാംപ്രതിക്ക് 20 വര്‍ഷത്തെ ശിക്ഷയും കോടതി വിധിച്ചു. വധശിക്ഷ നൽകിയില്ലെങ്കിലും സുപ്രീംകോടതി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട നിതീഷ്കട്ടാരയുടെ അമ്മ നീലം ഖട്ടാര പറഞ്ഞു.

സഹോദരി പ്രണയിച്ചതിന് ബിസിനസ് എക്സിക്യുട്ടീവായ നിതീഷ് ഖട്ടാരയെ 2002ൽ സഹോദരന്മാർ ചേര്‍ന്ന് കാറിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊല്ലുകയായിരുന്നു. കാറുനിള്ളിൽ കത്തിക്കരിഞ്ഞ അവസ്ഥയിൽ കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലാണ് നിതീഷ് ഖട്ടാരയുടേതെന്ന് തിരി‍ച്ചറിഞ്ഞത്.കേസിൽ പ്രതികളായിരുന്ന വികാസ് യാദവ്, വിശാൽ യാദവ്, പെഹൽവാൻ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി നൽകിയത്. പിന്നീട് ഹൈക്കോടതി പ്രതികളുടെ ശിക്ഷ 25 വര്‍ഷം വീതമാക്കി.

ഇതിനെതിരെ പ്രതികൾ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. സഹോദരങ്ങളായ വികാസ് യാദവ്, വിശാൽ യാദവ് എന്നിവര്‍ക്ക് 25 വര്‍ഷത്തെ ശിക്ഷ ശരിവെച്ച സുപ്രീംകോടതി മൂന്നാംപ്രതിയായ ഇവരുടെ ബന്ധു പെഹൽവാന് 20 വര്‍ഷത്തെ ശിക്ഷയും നൽകി. മാനംകാക്കൽ കൊലപാതകം എന്ന പ്രോസിക്യുഷൻ വാദം ശരിവെച്ചുകൊണ്ടാണ് പ്രതികൾക്ക് ദില്ലി ഹൈക്കോടതി കൂടിയ ശിക്ഷ നൽകിയത്.

രാഷ്ട്രീയരംഗത്ത് വലിയ സ്വാധീനമുണ്ടായ പ്രതികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന വിവാദങ്ങൾ കേസിന്റെ വിചാരണ ഘട്ടത്തിൽ ഉയര്‍ന്നുവന്നു. മകനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട നിതീഷ്ഖട്ടാരയുടെ മാതാവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ അപേക്ഷ കോടതി അംഗീകരിച്ചില്ലെങ്കിലും സുപ്രീംകോടതി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നിതീഷ്ഖട്ടാരയുടെ മാതാവ് നീലം ഖട്ടാര പ്രതികരിച്ചു.

click me!