ദാവൂദിനെ ഖദ്‍സെ വിളിച്ചിട്ടില്ല: മഹാരാഷ്ട്ര എടിഎസ്

By Web DeskFirst Published Jul 18, 2016, 3:54 AM IST
Highlights

മുംബൈ: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഫോണ്‍സംഭാഷണം നടത്തിയ മഹാരാഷ്ട്ര മുന്‍ റവന്യൂമന്ത്രി ഏക്‌നാഥ് ഖദ്‌സെയ്ക്ക് അനുകൂലമായി മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ദാവൂദും ഖദ്‍സെയും തമ്മില്‍ ഫോണ്‍വിളികളൊന്നും നടന്നിട്ടില്ലെന്ന് എടിഎസ് ഇന്ന് മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദുമായുള്ള ഫോണ്‍സംഭാഷണം ആരോപിക്കപ്പട്ട ഏക്‍നാഥ് ഖദ്സെ ജൂണ്‍ ആദ്യവാരം രാജിവച്ചിരുന്നു.

ദാവൂദും ഖദ്സെയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്‍റെ വിവരങ്ങള്‍ ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ മനീഷ് ഭാംഗ്ലെയാണ് പുറത്ത് വിട്ടത്. പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ നിന്നും ഈ വര്‍ഷം ഏപ്രിലില്‍ ചോര്‍ത്തിയ രേഖകളിലായിരുന്നു ദാവൂദിന്‍റെ വസതിയിലെ ഫോണില്‍ നിന്നും ഖദ്സെയെ വിളിച്ചതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്നായിരുന്നു ഖദ്സെയുടെ രാജി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനീഷ് നല്‍കിയ ഹര്‍ജിയിലാണ് മുംബൈ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വാദം കേട്ടത്.

എന്നാല്‍ ഹാക്കര്‍മാര്‍ പറയുന്ന പോലെയുള്ള ഫോണ്‍കോളുകള്‍ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് എടിഎസ് പറയുന്നത്. ഹാക്കര്‍മാര്‍ ആരോപിക്കുന്നതു പോലെ ഭീകര ബന്ധമൊന്നും കണ്ടെത്താനായിട്ടില്ലെന്നും മഹാരാഷ്ട്ര എടിഎസ് അഡ്വക്കേറ്റ് നിതിന്‍ പ്രധാന്‍ കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും എടിഎസ് വാദിച്ചു.

തുടര്‍ന്നു കോടതി ഭാംഗ്ലയോട് പൊലീസിന്‍റെ സൈബര്‍ ക്രൈം സെല്ലിന് വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു. തന്‍റെ ജീവനു ഭീഷണിയുണ്ടെന്ന ഭാംഗ്ലെ കോടതിയെ അറിയിച്ചു. പൊലീസ് കമ്മീഷണറെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ദാവൂദ് ബന്ധത്തിനു പുറമേ അനധികൃത ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഖദ്സെയുടെ രാജിയിലേക്ക് നയിച്ചിരുന്നു.

 

 

click me!