
ദില്ലി: ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടുമായി ധനമന്ത്രി അരുൺ ജയ്റ്റ്ലി രംഗത്ത്. നികുതി ലിറ്ററിന് ഇരുപത്തിയഞ്ച് രൂപ വരെ കുറയ്ക്കാമെന്ന പി ചിദംബരത്തിൻറെ പ്രസ്താവന കെണിയാണെന്ന് ജയ്റ്റ്ലി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നികുതി സത്യസന്ധമായി നല്‍കാൻ ജനങ്ങളെ ധനമന്ത്രി ഉപദേശിച്ചു. ഇന്ധവില വർദ്ധനവിനെതിരെയുള്ള ഈ പ്രതിഷേധത്തിൽ ധനമന്ത്രാലയത്തിന് കുലുക്കമില്ല. ഇന്ധനവില കുറയ്ക്കണമെന്ന പെട്രോളിയം മന്ത്രാലയത്തിൻറെ ആവശ്യവും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി തള്ളി.
ഇന്ധനനികുതി കുറയ്ക്കുന്നത് സാന്പത്തിക അരാജകത്വത്തിലേക്ക് നയിക്കും. ലിറ്ററിന് ഇരുപത്തിയഞ്ച് രൂപ നികുതി കുറയ്ക്കണം എന്ന പി ചിദംബരത്തിൻറെ ആവശ്യം ഒരു കെണിയാണ്. സ്വയം ധനമന്ത്രിയായിരിക്കെ ചിദംബരം ഇത് ചെയ്തില്ലെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ശന്പളക്കാർ മാത്രമാണ് ഇപ്പോൾ നികുതി കൃത്യമായി നല്കുന്നത്. മറ്റു പല വിഭാഗങ്ങൾക്കും നികുതി നല്കുന്ന കാര്യത്തിൽ സത്യസന്ധതയില്ല. അതിനാൽ നികുതി സത്യസന്ധമായി നല്കാൻ എല്ലാവരെയും ഉപദേശിക്കുകയാണ് രാഷ്ട്രീയ നേതാക്കളും അഭിപ്രായങ്ങൾ സ്വാധീനിക്കുന്നവരും ചെയ്യേണ്ടത്.
ഇന്ധനനികുതിയിലുള്ള വൻ ആശ്രയത്വം ഒഴിവാക്കാൻ ഇത് സഹായിക്കും. ഈ സർക്കാർ വന്ന ശേഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഇന്ധനേതര നികുതിയുടെ സംഭാവന ,72 ശതമാനം കൂടിയെന്നും ജയ്റ്റ്ലി വിശദീകരിച്ചു. ഇതിനിടെ വെളളിയാഴ്ച വിയന്നയിൽ ഒപെക് രാജ്യങ്ങൾ വിളിച്ചിരിക്കുന്ന യോഗത്തിൽ ഇന്ധനവില കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെടമെന്ന് പെട്രോളിയം മന്ത്ര ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഇന്ധനനികുതിയിൽ കേരളം ഉൾപ്പടെ ചില സംസ്ഥാനങ്ങൾ സ്വീകരിച്ച വഴി തെരഞ്ഞെടുപ്പ് വർഷത്തിലും കേന്ദ്രം തെരഞ്ഞെടുക്കില്ല എന്ന വ്യക്തമായ സന്ദേശമാകുകയാണ് ജയ്റ്റ്ലി യുടെ വാക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam