സൗദി വനിതളുടെ വിദേശി ഭര്‍ത്താക്കന്‍മാര്‍ക്ക് മൊബൈല്‍ കടകളില്‍ ജോലിക്ക് ഇളവില്ല

By Web DeskFirst Published Dec 1, 2016, 6:44 PM IST
Highlights

ജിദ്ദ: സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാര്‍ക്ക് മൊബൈല്‍  കടകളില്‍ ജോലി ചെയ്യുന്നതിന് ഇളവ് അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ രാജി വെച്ച് സൗദികള്‍ക്ക് അവസരം നല്‍കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മൂന്നു മാസം മുമ്പാണ് സൗദിയിലെ മൊബൈല്‍ കടകളില്‍ നൂറു ശതമാനം സ്വദേശീവല്‍ക്കരണം നടപ്പിലാക്കിയത്.

മൊബൈല്‍ വില്‍പന മെയിന്റനന്‍സ് എന്നീ മേഖലകളില്‍ നൂറു ശതമാനവും സൗദികള്‍ മാത്രമായിരിക്കണം ജോലി ചെയ്യേണ്ടത്. സൗദി വനിതകളുടെ വിദേശികളായ ഭര്‍ത്താക്കന്‍മാരെയും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സൗദി തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിച്ചാല്‍ മറ്റു വിദേശ തൊഴിലാളികളെ പോലെ തന്നെ ഇവരും ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

സൗദിവല്‍ക്കരണം നിലവില്‍ വരുന്നതിനു മുമ്പ് ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ രാജി വെച്ച് സൗദികള്‍ക്ക് അവസരം നല്‍കണമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു. ടെലകോം മേഖലയില്‍ ജോലി ചെയ്യാന്‍ റിക്രൂട്ട് ചെയ്യപ്പെട്ട വിദേശികള്‍ മറ്റു മേഖലകളിലേക്ക് ജോലി മാറുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് മൊബൈല്‍ മേഖലയില്‍ സൌദിവല്‍ക്കരണം നടപ്പിലാക്കിയത്. സെപ്റ്റംബര്‍ ഒന്ന് വരെ അമ്പത് ശതമാനവും സെപ്റ്റംബര്‍ രണ്ടു മുതല്‍ നൂറു ശതമാനവും സ്വദേശീവല്‍ക്കരണം നടപ്പിലാക്കി.

പദ്ധതി നടപ്പിലാക്കാന്‍ അതിനു മുമ്പ് ആറു മാസത്തെ സാവകാശം മൊബൈല്‍ കടകള്‍ക്ക് നല്‍കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്‌ടപ്പെട്ടു. പല മൊബൈല്‍ കടകളും അടച്ചു പൂട്ടി. ചില കടകള്‍ കമ്പ്യൂട്ടര്‍ ആക്‌സസ്സറികളുടെയും  ഇലക്ട്രോണിക് സാധനങ്ങളുടെയും മറ്റും കടകളാക്കി മാറ്റി. ഈ രംഗത്ത് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സൗദി യുവാക്കള്‍ക്കും യുവതികള്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ തൊഴില്‍ പരിശീലനം നല്‍കി വരുന്നുണ്ട്.

 

click me!