റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്‍ട്രേഷനില്ല; കോടികളുടെ നികുതി നഷ്‌ടം

By Web DeskFirst Published Apr 23, 2017, 1:56 PM IST
Highlights

ആലപ്പുഴ: സംസ്ഥാനത്ത് റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന അത്യന്താധുനിക റോഡ് റോളര്‍ അടക്കമുള്ളവ നിരത്തിലിറങ്ങുന്നത് രജിസ്‍ട്രേഷന് ഇല്ലാതെ. ചെറിയ വീഴ്ച വരുത്തിയാല്‍ സാധാരണ വാഹനങ്ങള്‍ പിടികൂടുന്ന അധികാരികള്‍ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിയെടുക്കാനാവാത്ത ഗതികേടിലാണ് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍.

റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പല വാഹനങ്ങളും നികുതിയും രജിസ്‍ട്രേഷനും ഇല്ലാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.അതുവഴി സര്‍ക്കാരിന് വലിയ സാമ്പത്തിക നഷ്‌ടം ഉണ്ടാവുന്നു. ഈ വിഷയത്തില്‍ പ്രത്യേക പരിശോധന നടത്തി വിശദമായി റിപ്പോര്‍ട്ട് നല്‍കണം.കഴിഞ്ഞ ജൂണില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശമാണിത്.

എന്തെങ്കിലും നടപ്പായോ.നമുക്ക് നോക്കാം. ആലപ്പുഴയിലെ അമ്പലപ്പുഴയില്‍  ദേശീയപാതയില്‍ ടാര്‍ റോഡ് ചെത്തിമിനുക്കാന്‍ എത്തിച്ച കോടികള്‍ വിലയുള്ള ജര്‍മ്മന്‍ നിര്‍മ്മിത വാഹനം. നമ്പറില്ല. ഇതിനോട് ചേര്‍ന്ന് ലക്ഷങ്ങള്‍ വിലവരുന്ന അത്യന്താധുനിക റോഡ് റോളറുകള്‍. പുതുപുത്തന്‍ ഒന്നിനും നമ്പറില്ല. ഒരു രൂപ പോലും നികുതിയുമടച്ചില്ലെന്ന് വ്യക്തം. ആലപ്പുഴ ദേശീയ പാത കലവൂരില്‍  ടാറിംഗ് ജോലിള്‍ പൊടി പൊടിക്കുന്നു.

ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുകയാണ്.ചിലതിന് നമ്പര്‍ പ്ലേറ്റുണ്ട്. പക്ഷേ അതില്‍ നമ്പറില്ല. മറ്റുചിലതിന് ഒന്നുമില്ല. മോട്ടോര്‍ വാഹനനിയമമനുസരിച്ച് മറ്റ് വാഹനങ്ങള്‍ക്കുള്ള നിയമങ്ങള്‍ എന്തുകൊണ്ട് ഇതിന് ബാധകമാവുന്നില്ല.ആലപ്പുഴ ആര്‍ടിഓയെ ഞങ്ങള്‍ വിളിച്ചു. അധികം വൈകാതെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെത്തി. പരിശോധിച്ചു. ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. എന്നാല്‍ ടാറിംഗ് നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയില്ല.

ടാറിംഗ് തടഞ്ഞാല്‍ ജനപ്രതിനിധികളും നാട്ടുകാരും എല്ലാവരും ഇടപെടും. ഈ ധൈര്യം തന്നെയാണ് വന്‍കിട റോഡ് നിര്‍മ്മാതാക്കള്‍ക്ക്.പക്ഷേ പഴയകാലത്തെ റോഡ് റോളറുകളെല്ലാം കൃത്യമായി രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് റോഡിലിറങ്ങിയിരുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നൂറുകണക്കിന് റോഡ് നിര്‍മ്മാണോപകരണ വാഹനങ്ങളാണ് ഇതുപോലെ നിയമംലംഘിച്ച് വിലസുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഇത്തരം വാഹനങ്ങള്‍ ഒരു രൂപ പോലും നികുതി കൊടുക്കാതെ കേരളത്തില്‍ നിരത്തിലിറങ്ങുന്നുവെന്ന് ചുരുക്കം..

 

click me!