പേരും പദവിയും കോളേജ് അധ്യാപകരെന്ന്; വര്‍ഷങ്ങളായി ശമ്പളമില്ല

By Web DeskFirst Published Oct 21, 2017, 8:15 PM IST
Highlights

കോളേജ് അധ്യാപകരെന്ന പേരും പദവിയും കുട്ടികളുടെ ആദരവും ഉണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ഗസ്റ്റ് അധ്യാപകര്‍. വേതനം നല്‍കണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് അധ്യാപകര്‍.

ബിരുദാനന്തര ബിരുദം, നെറ്റ്, എംഫില്‍, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകള്‍ വേണ്ടുവോളമുള്ളവരാണ് വേതനമില്ലാതെ ജോലി ചെയ്യുന്നത്. പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ മാത്രമുള്ള ഡിപ്പാര്‍ട്ട്മെന്റുകളും ധാരാളമുണ്ട്. അതായത് ഗസ്റ്റ് അധ്യാപകരില്ലെങ്കില്‍ കോളേജുകളിലെ അധ്യയനത്തെ ബാധിക്കുമെന്ന അവസ്ഥയാണ് പലയിടങ്ങളിലും. എന്നിട്ടും വേതനത്തിന്റെ കാര്യം വരുമ്പോള്‍ അധികൃതര്‍ക്ക് യാതൊരു പരിഗണനയുമില്ലെന്നാണ് അധ്യാപകരുടെ പരാതി. 

കേരളത്തിലൊട്ടാകെ 2500ഓളം ഗസ്റ്റ് അധ്യാപകരുണ്ടെന്നാണ് കണക്ക്. പഠിപ്പിക്കുന്ന മണിക്കൂറുകള്‍ കണക്കാക്കി വേതനം നല്‍കുന്നതിനാല്‍ പലര്‍ക്കും ലഭിക്കുന്നത് 12,000 രൂപ മുതല്‍ പരമാവധി 25,000 രൂപ വരെയാണ്. ഇതേ യോഗ്യതയുള്ള, ഇതേ ജോലി ചെയ്യുന്ന യുജിസി അധ്യാപകര്‍ 60,000ത്തിനും മുകളില്‍ ശമ്പളം വാങ്ങുമ്പോഴാണ് ഇവര്‍ക്ക് ചെയ്ത ജോലിയുടെ വേതനത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നത്. കോളേജ് അധികൃതര്‍ യഥാസമയം  ക്ലറിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് ഇവരുടെ ശമ്പളം മുടങ്ങാന്‍ കാരണം. പ്രതിഷേധ സൂചകമായി,  യൂണിവേഴ്‌സിറ്റി പരീക്ഷകളും, മൂല്യനിര്‍ണയ ക്യാമ്പും ബഹഷ്കരിക്കാനാണ് ആള്‍ കേരള കോളേജ് ഗസ്റ്റ് അധ്യാപക യൂണിയന്റെ നീക്കം.
 

click me!