ഉത്തരകൊറിയ അഞ്ചാമതും ആണവ പരീക്ഷണം നടത്തി

By Web DeskFirst Published Sep 9, 2016, 7:01 AM IST
Highlights

തുടരെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച് ലോകരാജ്യങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയ ശക്തമായ ആണവ പരീക്ഷണം നടത്തിയത്. ഇതേതുടര്‍ന്ന് മേഖലയില്‍ 5 ദശാംശം മൂന്ന് രേഖപ്പെടുത്തിയ ഭൂമികലുക്കമുണ്ടായി. ഇതിന് പിന്നാലെ അഞ്ചാമത്തെ ആണവ പരീക്ഷണം വിജയകരമായിരുന്നുവെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ രംഗത്തെത്തുകയായിരുന്നു.  

ഇത്തവണത്തെ പരീക്ഷണത്തോടെ ബാലിസ്റ്റിക് മിസൈലുകളില്‍ ആണവായുധം വഹിക്കാനുള്ള ശേഷി കൈവരിച്ചതായി ഉത്തരകൊറിയ പ്രഖ്യാപിച്ചു.  കഴിഞ്ഞ തവണ നടത്തിയ പരീക്ഷണത്തിന്‍റെ ഇരട്ടി പ്രഹര ശേഷിയുള്ളതാണ് ഇത്തവണത്തെ ആണവ പരീക്ഷണമെന്ന് ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചു. 

ഉത്തരകൊറിയയുടെ നടപടി ആശങ്കക്കിടയാക്കുന്നതാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക്ക് ജീന്‍ ഹൈ വ്യക്തമാക്കി. ആണവ പരീകഷണത്തെ തുടര്‍ന്ന് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി അദ്ദേഹം തിരിച്ചെത്തി.  ജപ്പാനും ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ചു. ഉത്തരകൊറിയക്ക് മേല്‍ യുഎന്‍ ഉപരോധത്തിനുള്ള നീക്കം ഇതോടെ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

കഴിഞ്ഞ ജനുവരിയില്‍ നടത്തിയ നാലാമത്തെ ആണവ പരീക്ഷണത്തിന് ശേഷം  യുഎന്‍ ഉപരോധത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ ഉത്തര കൊറിയയിലേക്ക് കയറ്റി അയക്കുന്നത് തടയുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിന് ഇതോടെ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

click me!