വിശപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് നഴ്‌സുമാര്‍ നാളെ ചെങ്ങന്നൂരില്‍

Web Desk |  
Published : Apr 07, 2018, 02:57 PM ISTUpdated : Jun 08, 2018, 05:49 PM IST
വിശപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് നഴ്‌സുമാര്‍ നാളെ ചെങ്ങന്നൂരില്‍

Synopsis

ഏപ്രില്‍ 20 ന് ശേഷം അനിശ്ചിതകാല സമരം നടത്തുമെന്നാണ് യു.എന്‍.എയുടെ പ്രഖ്യാപനം.

തൃശൂര്‍: വിശപ്പിന്റെ രാഷ്ട്രീയം പറയാന്‍ നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും ഞായറാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ സമ്മേളിക്കുകയാണ്. ചെങ്ങന്നൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 230 ദിവസമായി തുടരുന്ന സമരമാണ് നഴ്‌സുമാരുടെ രാഷ്ട്രീയ അജണ്ട. ഒപ്പം രണ്ടര വര്‍ഷത്തോളമായി തുടരുന്ന അടിസ്ഥാന ശമ്പള വര്‍ദ്ധനവിന് വേണ്ടിയുള്ള പോരാട്ടത്തെ ലക്ഷ്യത്തിലെത്തിക്കലും. 

ചെങ്ങന്നൂരില്‍ വോട്ടുള്ള നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് നാളെ എം.സി റോഡിന് സമീപത്തെ തേരകത്ത് ഗ്രൗണ്ടില്‍ സമ്മേളിക്കുക. ഇവര്‍ക്ക് ഐക്യം നേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകായിരം നഴ്‌സുമാരും ഇവിടെ സംഗമിക്കും. ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ്് പരിസരത്തുനിന്ന് പ്രകടനമായാണ് നഴ്‌സുമാരും കുടുംബാംഗങ്ങളും സമ്മേളന നഗരിയിലെത്തുകയെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ അന്‍സു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ഒരു ഘട്ടത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച യുഎന്‍എ ഇനിയും ചെങ്ങന്നൂരില്‍ ആര്‍ക്കാണ് പിന്തുണയെന്നുപോലും വ്യക്തമാക്കിയിട്ടില്ല. കെ.വി.എം സമരം തീര്‍ക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നവര്‍ക്കാണ് പിന്തുണ നല്‍കുകയെന്നാണ് ആവര്‍ത്തിക്കുന്നത്. ശമ്പള പരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം ഏപ്രില്‍ 20 നുളളില്‍ ഇറങ്ങിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ കോട്ടയിലാണ് നഴ്‌സുമാരുടെ രാഷ്ട്രീയം ഏറെ ചര്‍ച്ചയാവുന്നത്.

ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാളിതുവരെയായി കെ.വി.എമ്മിനുമുന്നിലെ സമരപന്തലിലെത്തി വിഷയം ചര്‍ച്ചചെയ്യാതിരുന്നത് നഴ്‌സുമാരുടെ വിരോധത്തിനിടയാക്കിട്ടുണ്ട്. സമരം നടക്കുന്ന സന്ദര്‍ഭത്തില്‍ കെ.വി.എം ആശുപത്രിയില്‍ സജിയുടെ സന്ദര്‍ശനമുണ്ടായതും നഴ്‌സുമാര്‍ക്കിടയില്‍ അദ്ദേഹത്തെ സംശയനിഴലില്‍ നിര്‍ത്തുന്നുമുണ്ട്. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവും കെ.വി.എം സമരവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കടുത്ത സമ്മര്‍ദ്ദത്തിലാണ്.

മുഖ്യമന്ത്രിയടക്കം നല്‍കിയ വാക്ക് മാര്‍ച്ച് 31 നുള്ളില്‍ വിജ്ഞാപനമിറക്കുമെന്നായിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ നടന്നു വരുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്ന് വിജ്ഞാപനത്തിന് തടസ ഉത്തരവുണ്ടായത്. മുഖ്യമന്ത്രിയുടെ വാക്കിന് വിപരീതമായാണ് സര്‍ക്കാര്‍ അറ്റോര്‍ണി കോടതിയില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടത് നഴ്‌സുമാരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. യുഎന്‍എ ഒഴികെ കേസില്‍ കക്ഷി ചേര്‍ന്നവര്‍ അറ്റോര്‍ണിയുടെ നിലപാടിനെ പിന്തുണച്ചതോടെ ചര്‍ച്ചക്കായി കോടതി സമയമനുവദിച്ചു. 

കൊച്ചിയില്‍ നടന്ന ചര്‍ച്ചയുടെ പരാജയപ്പട്ട റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കുകയും ഇന്തിമ വിജ്ഞാപനം ഇറക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു തടസവുമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യം നിലനില്‍ക്കേയാണ് നഴ്‌സുമാര്‍ ചെങ്ങന്നൂരില്‍ സംഗമിക്കുന്നതും അവരുടെ രാഷ്ട്രീയം പറയുന്നതും.

2014 തെരഞ്ഞെടുപ്പില്‍ യുഎന്‍എ സ്ഥാനാര്‍ത്ഥി പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ നിന്ന് നാലായിരത്തോളം വോട്ട് ലഭിച്ചിരുന്നു. ചെങ്ങന്നൂരില്‍ യുഎന്‍എയുടെ സജീവ അംഗങ്ങള്‍ 1864 പേരാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ വേറെ. ഇതെല്ലാം ശേഖരിക്കാന്‍ യുഎന്‍എയുടെ ക്യാമ്പയിനിലൂടെ കഴിയുമെന്നാണ് അവകാശവാദം. സഹായിച്ചവര്‍ ആരായാലും തിരിച്ച് സഹായിക്കുക അതാണ് യുഎന്‍എ നയമെന്നും ഇവര്‍ പറയുന്നു.

ഏപ്രില്‍ എട്ടിലെ ചെങ്ങന്നൂര്‍ കണ്‍വന്‍ഷന്‍ നഴ്‌സുമാരുടെ സമര പ്രഖ്യാപനമാകുമെന്നാണ് യു.എന്‍.എ നേതാക്കള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 10 നാണ് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം. അന്ന് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയാല്‍ അഞ്ച് ദിവസം വിജ്ഞാപനം ഇറക്കാനുള്ള സമയം വേണ്ടിവരും. നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായി കഴിഞ്ഞ ശേഷം മാര്‍ച്ച് 19, 28 തിയ്യതികളില്‍ അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. 

മറ്റു താല്‍പ്പര്യങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏപ്രില്‍ 10ന് അവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നാണ് നഴ്‌സുമാരുടെ പ്രതീക്ഷ. എന്നാല്‍ 10 ന് റിപ്പോര്‍ട്ട് കൈമാറിയില്ലെങ്കില്‍ ഏപ്രില്‍ 15 മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് യു.എന്‍.എയുടെ പരിപാടി. സാങ്കേതികമായ എന്തെങ്കിലും തടസങ്ങള്‍ വരുകയാണെങ്കില്‍ അതിനുകൂടിയായി അഞ്ച് ദിവസം അധികം നല്‍കി ഏപ്രില്‍ 20 ന് ശേഷം അനിശ്ചിതകാല സമരം നടത്തുമെന്നാണ് യു.എന്‍.എയുടെ പ്രഖ്യാപനം. സമരം താല്കാലികമായി തടഞ്ഞ ഉത്തരവും ഹൈക്കോടതി നീക്കം ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്
ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു, അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം