നഴ്സുമാരുടെ ശമ്പള വര്‍ദ്ധന: കീഴ്‌മേല്‍ മറിഞ്ഞ് സര്‍ക്കാര്‍

By Web DeskFirst Published Mar 27, 2018, 6:09 PM IST
Highlights
  • മിനിമം വേജസ് വിജ്ഞാപനം ഇറക്കാന്‍ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്ത് സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും നഴ്സുമാരെ ചതിക്കുകയാണെന്ന് യുഎന്‍എ അധ്യക്ഷന്‍  ജാസ്മിന്‍ ഷാ.

തൃശൂര്‍: ഹൈക്കോടതിയില്‍ നാടകീയമായ ഇടപെടലിലൂടെ സംസ്ഥാനത്തെ നഴ്സുമാരുടെ ശമ്പള വിഷയത്തില്‍ വീണ്ടും അട്ടിമറി സാധ്യതയുണ്ടാക്കി സര്‍ക്കാര്‍ നിലപാട് അറിയിച്ചു. 28 ന് മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്ന് നേരത്തെ കോടതിയെ അറിയിച്ച സര്‍ക്കാര്‍, വിഷയത്തില്‍ വീണ്ടും സമവായമുണ്ടാക്കാന്‍ കോടതിയുടെ സഹായം തേടുകയായിരുന്നു. കോടതി നേരത്തെ പുറപ്പെടുവിച്ച താല്‍ക്കാലിക തടസ ഉത്തരവ് നീക്കണമെന്ന് പോലും ആവശ്യപ്പെടാതെയുള്ള അപ്രതീക്ഷിത നീക്കം മാനേജ്മെന്റുകളുടെ വാദങ്ങള്‍ക്ക് ബലമായി. ഇതോടെ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.

കോടതിയില്‍ നഴ്സുമാര്‍ ഒറ്റപ്പെട്ടു

രാവിലെ ഹൈക്കോടതിയില്‍ കേസ് പരിഗണനയ്ക്കെടുത്ത ഘട്ടത്തില്‍ പോലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാര്‍ നിനച്ചിരിക്കാതെ നിലപാട് മാറ്റിയപ്പോള്‍ നഴ്സുമാര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. അതുവരെ നെടുവീര്‍പ്പിട്ടിരുന്ന യുഎന്‍എ ഒഴികെയുള്ള മുഴുവന്‍ കക്ഷികള്‍ക്കും സര്‍ക്കാര്‍ നിലപാട് ഊര്‍ജമാവുകയായിരുന്നു. സമവായത്തിന് തങ്ങള്‍ തയ്യാറാണെന്ന് മാനേജ്മെന്റ് സംഘടനകളെല്ലാം കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ബുധനാഴ്ച രാവിലെ ഹൈക്കോടതിയില്‍ ആദ്യ ചര്‍ച്ച നടക്കും.

നഴ്സുമാര്‍ നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് 2017 നവബറില്‍ സംസ്ഥാന സര്‍ക്കാര്‍ മിനിമം വേജസ് സംബന്ധിച്ച കരട് വിജ്ഞാപനം ഇറക്കിയത്. തുടര്‍നടപടികള്‍ വൈകിയതോടെ വീണ്ടും സമരമുഖം തുറന്നു. ഇതോടെ കഴിഞ്ഞ ആഴ്ചകളിലായി സംസ്ഥാനത്ത് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനത്തിനുള്ള ശുപാര്‍ശ തയ്യാറാക്കാനുള്ള നടപടികളും സ്വീകരിച്ചതാണ്. 

മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചേര്‍ന്ന് ചര്‍ച്ച നടത്തുകയും 28ന് വീണ്ടും ചേര്‍ന്ന് ശിപാര്‍ശ കൈമാറുമെന്നുമായിരുന്നു സൂചനകള്‍. എന്നാല്‍, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതോടെ 28 ന് ചേരേണ്ട ബോര്‍ഡ് യോഗം പോലും ഉപേക്ഷിക്കപ്പെടും. സ്റ്റേ നീങ്ങിയില്ലെന്ന കാരണത്താല്‍ ബോര്‍ഡിന് തീരുമാനമെടുക്കാനായില്ലെന്ന ന്യായവും നിരത്താം. ഹൈക്കോടതി വിളിച്ച യോഗത്തില്‍ ലേബര്‍ കമ്മിഷണര്‍ പങ്കെടുക്കേണ്ടതുണ്ടെന്നും വിശദീകരിക്കാനാവും.

സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ്; ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്ന് യുഎന്‍എ

നഴ്സുമാര്‍ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിച്ഛയിക്കുന്നതും ആയി ബന്ധപെട്ട് വീണ്ടും മീഡിയേഷന് തയ്യാറാണെണ് ഹൈകോടതിയില്‍ അറിയിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ആരോപിച്ചു. നഴ്സുമാരെയും മറ്റു ജീവനക്കാരെയും പറ്റിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുത്തത്. 

മിനിമം വേജസ് വിജ്ഞാപനം ഇറക്കാന്‍ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്ത് സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും നഴ്സുമാരെ ചതിക്കുകയാണ്. ഒരു കാരണവശാലും മീഡിയേഷന് തയ്യാറല്ല. സിംഗിള്‍ ബെഞ്ച് സ്റ്റേ മാറ്റിയില്ലെങ്കില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് സംഘടനാ തീരുമാനമെന്നും അടുത്ത് ബുധനാഴ്ച തന്നെ ഹരജി ഫയല്‍ ചെയ്യുമെന്നും ജാസ്മിന്‍ ഷാ വ്യക്തമാക്കി.

click me!