ഒബാമയുടെയും മിഷേലിന്‍റെയും വൈറ്റ്ഹൗസ് ദിനങ്ങള്‍ പുസ്തകരൂപത്തിലേക്ക്

By Web DeskFirst Published Mar 2, 2017, 1:58 AM IST
Highlights

ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്‍റെയും വൈറ്റ്ഹൗസ് ദിനങ്ങള്‍ പുസ്തകരൂപത്തിലേക്ക്. ആറ് കോടിയിലേറെ രൂപയാണ് ഇരുവരുടെയും ഓര്‍മ്മകള്‍ക്ക് പ്രസാധകര്‍ വിലയിട്ടിരിക്കുന്നത്. പ്രതിഫലത്തുകയുടെ വലിയയൊരു ഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്‌ക്കാനാണ് ഒബാമ ദമ്പതികളുടെ തീരുമാനം.

വാക്കുകളും നേതൃപാടവവും കൊണ്ട് ഒബാമയും മിഷേലും ലോകത്തെ മാറ്റിമറിച്ചു, ഞങ്ങള്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകം വഴി എല്ലാ ദിവസവും അത്തരം മാറ്റങ്ങളുണ്ടാക്കാനാണ് ശ്രമം-  ഇരുവരുടെയും പുസ്തകത്തിന്‍റെ പ്രസിദ്ധീകരണാവകാശം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ മനം കവര്‍ന്ന പ്രസിഡന്‍റും പ്രഥമ വനിതയും എട്ട് വര്‍ഷം നീണ്ട വൈറ്റ്ഹൗസ് ജീവിതം ലോകവുമായി പങ്കുവയ്‌ക്കുകയാണ്. ഒബാമയുടെയും മിഷേലിന്‍റെയും ഓര്‍മ്മകള്‍ വ്യത്യസ്ത പുസ്തകങ്ങളായാണ് പുറത്തിറങ്ങുക. ആറ് കോടിയിലേറെ രൂപയ്‌ക്കാണ് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇരുവരുടെയും ഓര്‍മ്മകള്‍ പുസ്തക രൂപത്തിലാക്കാനുള്ള അവകാശം നേടിയെടുത്തത് എന്നാണ് സൂചന. പുസ്തകമെഴുത്ത് ഇരുവര്‍ക്കും പുതുമയല്ല. ബരാക് ഒബാമയുടെ Dreams from My Father , The Audacity of Hope എന്നീ പുസ്തകങ്ങള്‍ ബെസ്റ്റ്സെല്ലറുകളാണ്. മിഷേലാകട്ടെ , ഭക്ഷണത്തെയും പൂന്തോട്ട പരിപാലനത്തെയും കുറിച്ച് American Grown എന്ന പുസ്തകം രചിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ പതിവുരീതിയില്‍ സംഭവങ്ങളെക്കുറിച്ച് ഒന്നൊന്നായി പറഞ്ഞുപോകാനല്ല ഇഷ്‌ടപ്പെടുന്നതെന്ന് ഒബാമ  വ്യക്തമാക്കിയിരുന്നു.   വൈറ്റ്ഹൗസ് ജീവിതത്തിലെ പുറത്തറിയാത്ത ഏടുകള്‍ പുസ്തകത്തിലുണ്ടാകുമെന്ന് ഒബാമ പറയാതെപറയുന്നു.  ബിന്‍ലാദന്‍ വധം, ക്യൂബയുമായുളള കൈകോര്‍ക്കല്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് ഒബാമ ഭരണകൂടം സാക്ഷ്യം വഹിച്ചിട്ടുള്ളതിനാല്‍ പ്രത്യേകിച്ചും. പുസ്തകം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ലെങ്കിലും  ചരിത്രം പറയുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കായി നമുക്കും കാത്തിരിക്കാം.

click me!