
ചെന്നെ: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 14 കടന്നു. 93 മത്സ്യത്തൊഴിലാളികളാണ് കാണാതായതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദമെങ്കിലും യഥാര്‍ത്ഥ കണക്ക് ഇനിയും വ്യക്തമല്ല. ഇതിനിടയില്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാഗര്‍കോവിലുള്‍പ്പടെയുള്ള ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിച്ചു
ഓഖിയുടെ വരവറിയാതെ ആയിരത്തോളം മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാടിന്റെ തെക്കന്‍ തീരങ്ങളില്‍ നിന്ന് കടലില്‍ പോയിട്ടുണ്ടെന്നതിനാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന ആശങ്കയിലാണ് തീരം. 93 മത്സ്യത്തൊഴിലാളികളെ കാണാനില്ലെന്ന ഔദ്യോഗിക കണക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിടുമ്പോഴും എത്ര പേര്‍ കടലില്‍ പോയിട്ടുണ്ടെന്ന കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ലെന്നതാണ് യാഥാര്‍ഥ്യം. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ കണക്ക് കൂട്ടി കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളില്‍ പലരും ഓഖി ആഞ്ഞടിച്ചപ്പോള്‍ എവിടെയായിരുന്നു എന്ന കാര്യത്തിലും വ്യക്തതയില്ല.
കന്യാകുമാരിയില്‍ നിന്ന് മാത്രം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് തീരദേശവാസികള്‍. ഉള്‍ക്കടലില്‍ അഞ്ച് ഹെലികോപ്റ്ററുകളാണ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. അതേസമയം, കന്യാകുമാരിയിലെത്തിയ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനെതിരെ പ്രതിഷേധമിരമ്പി. സംസ്ഥാനം ദുരന്തം നേരിടുമ്പോഴും സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പോലും മെനക്കെടാതെ എംജിആര്‍ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയ്‌ക്കെതിരെയും പ്രതിഷേധമുണ്ടായി. കന്യാകുമാരിയിലെ കൂടംകുളം ആണവനിലയം ഹെലികോപ്റ്ററിലൂടെ നിരീക്ഷിച്ച പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ തിരുപത്തിസാരം, ചുങ്കന്‍കടൈ, കരവിള, നീരോടി എന്നീ കടലോരഗ്രാമങ്ങളും സന്ദര്‍ശിച്ചു.
തുടര്‍ന്ന് പ്രതിരോധമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഒപിഎസ്സും, ഫിഷറീസ് മന്ത്രി ഡി ജയകുമാറും നാവികസേനയിലെയും കോസ്റ്റ് ഗാര്‍ഡിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം നാളെയോടെ തമിഴ്‌നാട് ആന്ധ്ര തീരങ്ങള്‍ക്ക് നടുവിലേയ്‌ക്കെത്തുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam