
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് മലബാർ മേഖലയിൽ ശക്തിപ്രാപിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. കോഴിക്കോടും മലപ്പുറത്തും കടൽ ഉൾവലിഞ്ഞത് പോലുള്ള പ്രതിഭാസം ഉണ്ടായതും മത്സ്യതൊഴിലാളികളെയും തീരദേശവാസികളെയും ഭീതിയിലാഴ്ത്തുന്നുണ്ട്.പുറം കടലിൽ അകപ്പെട്ട കൂടുതൽ ബോട്ടുകൾ ബേപ്പൂരിലും പുതിയാപ്പയിലും തിരിച്ചെത്തി.
തെക്കൽ ജില്ലകൾക്ക് പിന്നാലെ ഓഖി ചുഴലിക്കാറ്റ് മലബാറിലും ശക്തമാകുമെന്ന മുന്നറിപ്പിന്‍റെ പശ്ചാതലത്തിൽ എങ്ങും ജാഗ്രതയിലാണ്.തീരത്ത് നിന്ന് 500 കിലോമീറ്റർ അകലെ പടിഞ്ഞാറ് മേഖലയിലാണ് കാറ്റ് നീങ്ങുന്നത്. മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും നാലാം തിയ്യതിവരെ കടലിൽ പോകാൻ പാടില്ലെന്ന് ബേപ്പൂരിലെ ഫിഷറീസ് കൺട്രോൾ റൂം അറിയിച്ചു. അതിശക്തമായ തിരകളുണ്ടാകാനിടയുണ്ടെന്നും തീരദേശത്ത് താമസിക്കുന്നവർ ജാഗ്രതപുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയാപ്പയിൽ അപകടത്തിൽപ്പെട്ട തോണിയിലെ മത്സ്യതൊഴിലാളിയെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പുറം കടലിൽ കുടുങ്ങിയ മൂന്ന് ബോട്ടുകൾ രാത്രിയോടെ ബേപ്പൂരിൽ എത്തി..ബോട്ടുകളെത്തിയപ്പോൾ തുറമുഖത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളുടെ ലൈറ്റ് തെളിയിച്ചാണ് ദിശ കാണിച്ചത്. സൗകര്യമൊരുക്കാത്തതിനെതിരെ പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ രംഗത്തെത്തി. കൂടുതൽ ബോട്ടുകളും വള്ളങ്ങളും പുതിയാപ്പയിലും രാത്രിയോടെ എത്തിചേർന്നു. കൊച്ചിയിൽ നിന്നുള്ള ബോട്ടും ബേപ്പൂരിൽ എത്തിയിട്ടുണ്ട്. ബേപ്പൂരിൽ നിന്നും മത്സ്യബന്ധത്തിനായി പുറപ്പെട്ട ബോട്ടുകൾ മുംബൈ , ഗോവ , മംഗലാപുരം ഉൾപ്പെടെയുള്ള തുറമുഖങ്ങളിലേക്കും അടുപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam