ഓഖി: മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു

By Web DeskFirst Published Dec 7, 2017, 9:58 AM IST
Highlights

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആലപ്പുഴ പുറങ്കടലില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഉച്ചയോടെ അഴീക്കല്‍ തീരത്തെത്തിക്കും. രണ്ട് മൃതദേഹങ്ങള്‍ തീരസേനയും കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഓഖിയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ സംയുക്ത സേന എട്ടാം ദിവസവും തുടരുകയാണ്. 

കൊച്ചിയില്‍ നിന്നും ആറ് മത്സ്യത്തൊഴിലാളികളുമായി നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് കല്‍പേനി തെരച്ചില്‍ തുടരും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തെരച്ചില്‍ സംഘങ്ങളും കേരള- ലക്ഷദ്വീപ് തീരത്തുണ്ട്. നാവിക സേനയുടെ 12 കപ്പലുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആറെണ്ണം കേരള തീരത്തും ആറെണ്ണം ലക്ഷദ്വീപ് തീരത്തുമാണുള്ളത്. ചെന്നൈയില്‍ നിന്നും മുംബൈയില്‍ നിന്നും നേവി കപ്പലുകള്‍ എത്തിച്ചിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അഞ്ച് ബോട്ടുകളും നാവികസേനയുടെ നാല് ഹെലിക്കോപ്റ്ററുകളും കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കേരള തീരത്തിന്റെ 200 നോട്ടിക്കല്‍ മൈല്‍ അകലെവരെ ഇന്നും തെരച്ചില്‍ തുടരും.

കടലില്‍ പെട്ട 36പേരെ കോസ്റ്റ് ഗാര്‍ഡ് ഇന്നലെ കരയ്‌ക്കെത്തിച്ചിരുന്നു. ആളില്ലാതെഒഴുകി നടന്ന നാല് ബോട്ടുകള്‍ ബുധനാഴ്ച്ചകണ്ടെടുത്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് 12000 ലിറ്റര്‍ കുടിവെള്ളം സേന എത്തിച്ചു. ഓഖികാരണം കടലില്‍ അകപ്പെട്ട 148 പേരെയാണ് നാവികസേന ഇതുവരെ രക്ഷപ്പെടുത്തിയത്. ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങള്‍ മിനിക്കോയ്, കവരത്തി ദ്വീപുകളില്‍ സേന എത്തിക്കും.

click me!