
തിരുവനന്തപുരം: ഓഖി ചുഴലിക്കോടുംകാറ്റിനെ തുടര്‍ന്ന് അടിമലത്തുറയില്‍ നിന്നും കാണാതായ 16 പേരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍. ഇതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കുടുംബാംഗങ്ങള്‍ നിറകണ്ണുകളോടെ കാത്തിരിക്കുകയാണ്. അടിമലത്തുറ ജനി ഹൗസില്‍ നെറ്റോ അന്തോണീസ് (58), അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് സുധാഹൗസില്‍ ആന്റണി മിഖേല്‍ (55), മരുമക്കളായ അഭിയാ കോട്ടേജില്‍ ലോറന്‍സ് പീറ്റര്‍ (37) പ്രവീണാ ഹൗസില്‍ ആന്റണി അല്‍ഫോണ്‍സ് (42), പിതൃ സഹോദരന്റെ മകന്‍ വിന്‍സെന്റ് ഹൗസില്‍ ലോര്‍ദോന്‍ (45), സഹോദരിയുടെ മകന്‍ ശിലുവപ്പിള്ള ജെറമിയാസ് (38) എന്നിവരാണ് ഒരു കുടുംബത്തില്‍ നിന്നും കാണാതായത്.
ഇതില്‍ വെള്ളിയാഴ്ച്ച വൈകിട്ട് പുറത്തുവന്ന ഡിഎന്‍എ പരിശോധനാ ഫലത്തില്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ആന്റണി അല്‍ഫോണ്‍സിന്റെയാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം ഇന്ന് ഏറ്റുവാങ്ങി അടിമലതുറയില്‍ എത്തിക്കുമെന്ന് ബന്ധുകള്‍ അറിയിച്ചു. മറ്റുള്ളവര്‍ ഏതെങ്കിലും കരയില്‍ എത്തികാണുമെന്നും ഉടനെ തങ്ങളുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയിലുമാണ് ബന്ധുകള്‍.
തീരത്ത് സജ്ജമാക്കിയ പന്തലില്‍ ഇവരുടെ ബന്ധുകള്‍ ഫോട്ടോകള്‍ക്ക് മുന്‍പില്‍ മെഴുകുത്തിരി കത്തിച്ചു പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ ആന്റണിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് മറ്റുള്ളവരുടെ ബന്ധുകളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടത്തുന്ന തിരച്ചില്‍ കാര്യക്ഷമം അല്ലായെന്ന അഭിപ്രായമാണ് കാണാതായവരുടെ ബന്ധുകളും നാട്ടുകാരും. ഓരോ തവണയും കരയ്‌ക്കെത്തുന്നവരുടെ ലിസ്റ്റ് പുറത്ത് വരുമ്പോള്‍ അതില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരും കാണുമോ എന്ന് നോക്കി ഇരിക്കുകയാണ് ഇവര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam