
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാൻ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കേരളം ആവശ്യപ്പെട്ടു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്. ദുരന്തം നേരിടാൻ അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീർഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു.
കേരളം ആവശ്യങ്ങളും ദുരന്ത കെടുതികളും വിലയിരുത്തിയ പ്രധാനമന്ത്രി, കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ പരാതി പരിശോധിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായം നൽകാമെന്നും പ്രധാനമന്ത്രി യോഗത്തിൽ അറിയിച്ചു.
നേരത്തെ, ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറയിലെത്തിയിരുന്നു. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലാണ് പ്രധാനമന്ത്രി ദുരന്തബാധിതരെ കണ്ടത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ദുരന്തബാധിതർക്കു സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു നൽകുമെന്നും ക്രിസ്മസിനുമുന്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്നും മോദി പൂന്തുറയിലെത്തിയവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി, കന്യാകുമാരിയിലേക്കു പോയ ശേഷമാണ് തിരികെ തിരുവനന്തപുരത്തെത്തിയത്. 4.15നു തിരുവനന്തപുരത്തു മടങ്ങിയെത്തിയ പ്രധാനമന്ത്രി 4.20നു റോഡുമാർഗം പൂന്തുറയിലേക്കു പോയി. പൂന്തുറയിൽനിന്ന് റോഡ് മാർഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തുന്ന യോഗത്തിൽ സംബന്ധിച്ചു. ഇതിനുശേഷം പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam