
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിനവും തുടരുന്നു. മത്സ്യത്തൊഴിലാളികളെ കൂടെ കൂട്ടിയാണ് നാവികസേന ഇന്ന് കടലിലേക്ക് പോകുന്നത്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാണാതായവരെക്കുറിച്ചുളള ആശങ്കയാണ് കനക്കുന്നത്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ കൊച്ചി പുറങ്കടലിൽ കണ്ടെത്തി.
കാറ്റിന്‍റെ ദിശ കണക്കാക്കിയാണ് കൊച്ചി തീരത്തും അതിന് അപ്പുറത്തേക്കുമായി തെരച്ചിൽ വ്യാപിച്ചത്. നാവിക സേനയുടെ പത്തുകപ്പലുകളും ഇന്ന് തിരച്ചിലിനുണ്ട്. കൊച്ചിയിൽ നിന്ന് ആറ് മൽസ്യത്തൊഴിലാളികളെയും തിരുവനന്തപുരത്ത് രണ്ട് മൽസ്യത്തൊഴിലാളികളെയും നാവിക സേന ഒപ്പം കൂട്ടുന്നുണ്ട്. 16 മൽസ്യത്തൊഴിലാളികളുമായി മറൈൻ ഇൻഫോഴ്സ്മെന്‍റ് ഇന്നലെ നടത്തിയ തെരച്ചിൽ ഫലം കണ്ടിരുന്നു. നാവികസേനയുടെ തെരച്ചിൽ 400 നോട്ടിക്കൽ മൈലിലേക്ക് വർധിപ്പിച്ചിട്ടുണ്ട്.
മറൈൻ എൻഫോഴസ്മെന്‍റും കോസ്റ്റുഗാർഡും സമാനമായ രീതിയിൽ തെരച്ചൽ തുടരുകയാണ്. ഇതിനിടെ കൊച്ചി ചെല്ലാനത്ത് പ്രദേശവാസികൾ നടത്തിവന്ന പ്രതിഷേധം സമരം തുടരുകയാണ്. കടലാക്രമണം തടയുന്നതിന് പുലിമിട്ട് അടക്കമുളള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പുകിട്ടണമെന്നാണ് ആവശ്യം.
ലക്ഷദ്വീപിലെ ബിത്രയിൽ ഇന്നലെ കണ്ടെത്തിയ 72 മൽസ്യത്തൊഴിലാളികളെ നാവിക സേന അടുത്തദിവസം കേരളതീരത്ത് എത്തിക്കും. തിരച്ചിൽ തുടരുമ്പോഴും കാണാതായവരുടെ എണ്ണം സംബന്ധിച്ച് സംശയങ്ങൾ തുടരുന്നത്. സർക്കാർ കണക്കിനേക്കാൾ ഏറെ കൂടുതലാണ് ലത്തീൻ സഭ പുറത്തുവിട്ട കണക്ക്. കാണാതായവരെക്കുറിച്ച് സർക്കാർ പക്കൽ കൃത്യമായ വിവരങ്ങൾ ഇപ്പോഴുമില്ലെന്നതാണ് പ്രധാന ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam