
ശ്രീനഗർ: അവധിക്ക് വീട്ടിലെത്തിയ സൈനികനെ ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇർഫാൻ അഹമ്മദ് ദാറിന്റെ മൃതദേഹമാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സംശയം. അവധിക്ക് വീട്ടിലെത്തിയ 23കാരനായ ഇർഫാനെ കഴിഞ്ഞ ദിവസം രാത്രി കാണാതാവുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഗുർസിൽ നിയന്ത്രണ രേഖക്ക് സമീപം ടെറിടോറിയൽ ആർമിയുടെ എൻജിനീയറിങ് റെജിമെന്‍റിലാണ് ഇർഫാനെ നിയമിച്ചത്. കഴിഞ്ഞ ദിവസം കാറുമായി വീട്ടിൽ നിന്ന് പുറത്തുപോയ ഇർഫാന്‍റെ മൃതദേഹം രാവിലെ കണ്ടെത്തുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു കിലോ മീറ്റർ അകലെ ഇദ്ദേഹത്തിന്റെ കാർ കണ്ടെത്തി. ദക്ഷിണ കാശ്മീരിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തി കൊലപാതകത്തെ ശക്തമായി അപലപിച്ചു. അവധിയിലിരിക്കെ ഇൗ വർഷം കാശ്മീരിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ സൈനികനാണ് ഇർഫാൻ.
കഴിഞ്ഞ മേയിൽ ലഫ്. ഉമർ ഫയാസ് ഇതേ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു. കുൽഗാം ജില്ലയിലെ വിവാഹചടങ്ങിനിടയിൽ തട്ടികൊണ്ടുപോയായിരുന്നു തീവ്രവാദികൾ ഉമറിനെ കൊലപ്പെടുത്തിയത്. സെപ്റ്റംബറിൽ ബി.എസ്.എഫിലെ മുഹമ്മദ് റംസാൻ പരെയെ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു. തീവ്രവാദികൾ തട്ടികൊണ്ടുപോകാൻ ശ്രമം നടത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിരോധിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam