ജിരൂദിനെ മറ്റൊരു ഹിഗ്വെയിന്‍ ആക്കുന്നവരറിയാന്‍

By Web DeskFirst Published Jul 15, 2018, 12:28 PM IST
Highlights
  • ലോകകപ്പില്‍ ഗോള്‍ നേടാന്‍ ജിരൂദിന് സാധിച്ചിട്ടില്ല

മോസ്കോ: അര്‍ജന്‍റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അവസരങ്ങള്‍ പാഴാക്കുന്നവനെന്ന ചീത്തപ്പേര് കൂട്ടിനുള്ള താരമാണ് ഗോണ്‍സാലോ ഹിഗ്വെയിന്‍. കഴിഞ്ഞ ലോകകപ്പിലും കോപ്പ അമേരിക്കയിലും ഹിഗ്വെയിന്‍ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ കിരീടം നേടാന്‍ സാധിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് അര്‍ജന്‍റീന ആരാധകരില്‍ ഏറെയും.

ഏകദേശം അത് പോലെ തന്നെയാണ് ഫ്രാന്‍സിന്‍റെ ഒളിവര്‍ ജിരൂദിന്‍റെ കാര്യവും. ലോകകപ്പില്‍ ആറു മത്സരങ്ങള്‍ കളിച്ചിട്ടും ജുരൂദിന് ഒരു ഗോള്‍ പോലും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റുകളൊന്നാണ് സെമിയിൽ ജിരൂദ് പുറത്തേക്കടിച്ചത്.

പക്ഷേ, താരത്തെ ഗോള്‍ അടിക്കാത്തതിന്‍റെ പേരില്‍ ക്രൂശിക്കേണ്ട കാര്യമില്ലെന്നാണ് ഫ്രഞ്ച് ടീം പറയുന്നത്. ഈ ലോകകപ്പിൽ ഇതുവരെ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഏറെ നിർണായകമാണത്രേ സ്ട്രൈക്കർ ഒളിവര്‍ ജിരൂദിന്‍റെ പ്രകടനം. സ്ട്രൈക്കറെന്നതിനുപരി കളിയുടെ ഗതിക്കനുസരിച്ച് ചുമതലമാറ്റി നൽകിയാണ് കോച്ച് ദിദിയര്‍ ദെശാംസ് പദ്ധതികൾ തയ്യാറാക്കുന്നത്.

കോച്ചിന്‍റെ ഭാഷയിൽ പറഞ്ഞാൽ ടീമിനാകെ ജിരൂദിന്‍റെ സഹായം വേണം. പ്രതിരോധത്തിൽ, മധ്യനിരയിൽ, മുന്നേറ്റത്തിൽ അങ്ങനെ എല്ലായിടത്തും.  ബെൽജിയത്തിനെതിരായ സെമിയിൽ കോച്ചിന്‍റെ വാക്ക് കളത്തിൽ നടപ്പാക്കാനും താരത്തിന് സാധിച്ചു. മധ്യനിരയിലേക്ക് സ്ഥാനം മാറ്റി ബെൽജിയം മുന്നേറ്റത്തിന്‍റെ വേഗം കുറച്ചു.

ഒപ്പം സെറ്റ് പീസ് പരീക്ഷണങ്ങളിലെല്ലാം കൂട്ടായി നിന്നു. ബെൽജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോട്ടുവ ഫ്രാൻസിന്‍റേത് ഫുട്ബോൾ വിരുദ്ധ കളിയെന്ന് വിമ‌ർശിച്ചതിന് കാരണവും കളി അറിഞ്ഞുള്ള ജിരൂദിന്‍റെ സ്ഥാനചലനങ്ങളാണ്. എത്ര മനോഹര കളി പുറത്തെടുത്താലും ഗോളടിച്ചവരും ജേതാക്കളുമാണ് ചരിത്രത്തിൽ ബാക്കിയാവുക.

അതുകൊണ്ട് തന്നെ ഗോളടിക്കാതെ ലോകകപ്പ് അവസാനിപ്പിക്കാൻ ചെല്‍സി താരം ഒരിക്കലും ആഗ്രഹിക്കില്ല. തുടക്കത്തിൽ വലിയ പ്രകടനം പുറത്തെടുക്കാതെ അവസാന മത്സരങ്ങളിൽ ആളിക്കത്തി ലോകകപ്പിന്‍റെ താരമായവരുണ്ട് ചരിത്രത്തിൽ. 1958ൽ പെലെ, 1966ൽ ജെഫ് ഹേഴ്സ്റ്റ്, 2006ൽ ഫാബിയോ ഗ്രോസോ എന്നിങ്ങനെ ഒരുപാട് പേര്‍.  2018 അടയാളപ്പെടുത്താൻ കപ്പിനൊപ്പം ഗോളും വേണം ജിരൂദിന്. 31-ാം വയസിലെ കളി മികവ് ഖത്തർ വരെ സൂക്ഷിക്കാനാവില്ലെങ്കിൽ തെളിയിക്കാനുള്ളതൊക്കെ ഇന്ന് തന്നെ ചെയ്യണം. 

click me!