മലയാളി നഴ്സിന്റെ കൊലപാതകം: ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി

By Web DeskFirst Published Apr 26, 2016, 2:09 PM IST
Highlights

സലാല: ഒമാനിനെ സലാലയില്‍ മലയാളി നഴ്‌സിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സ് തോമസിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി. അന്വേഷണം തുടരുന്നതിനാല്‍ ഇതുവരേയും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് സലാലയിലെ ബദര്‍ അല്‍സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  

ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലിന്‍സ് തോമസിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്സിലര്‍ മന്‍പ്രീത് സിംഗ് പറഞ്ഞു. പോലീസ് കസ്റ്റഡിയിലുള്ള ലിന്‍സനെ അടുത്ത ദിവസം തന്നെ വിട്ടയക്കുമെന്നാണ് സൂചന. കൊലപാതകം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു.

സുല്‍ത്താന്‍ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റോയല്‍ ഒമാന്‍ പോലീസ് അനുമതി നല്‍യിട്ടില്ല.പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഉടനെ മൃതദേഹം നാട്ടിലേക്കയക്കുമെന്നും മന്‍പ്രീത് സിംഗ് പറഞ്ഞു. മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ചിക്കുവും ഭര്‍ത്താവ് ലിന്‍സനുമായും അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള ലിന്‍സന് നിയമസഹായം കമ്പനി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിന്‍സനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി.

 

click me!