ഒമാനില്‍ ടാക്സി സര്‍വീസുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശം

By Web DeskFirst Published Jan 25, 2018, 12:03 AM IST
Highlights

ഒമാന്‍: ഒമാനിലെ ടാക്സി സർവീസുകൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ടാക്സികളിൽ മീറ്ററുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുന്നതുൾപ്പെടെയാണ് പുതിയ  നിർദേശങ്ങൾ. യാത്രക്കാരുടെ സുരക്ഷയെയും സൗകര്യത്തെയും പരിഗണിച്ചുകൊണ്ടാണ് ഒമാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത്.

സർക്കാർ അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇനിയും യാത്രക്കാരിൽ നിന്ന് ഇടാക്കുവാൻ അനുവാദമുള്ളു. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്തെത്തിക്കാതെ വഴിമദ്ധ്യേ യാത്ര അവസാനിപ്പിക്കുന്ന ടാക്സികൾക്ക് ഇനി മുതൽ യാത്രക്കാരൻ പണം നൽകേണ്ടതില്ല. 21  വയസ്സ് മുതൽ 60 വരെ പ്രായമുള്ള ഒമാൻ സ്വദേശികൾക്കു മാത്രമേ ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവാദമുള്ളൂ.

ഇവർ റോയൽ ഒമാൻ പൊലീസിന്റെ പ്രത്യേക പരിശീലനം നേടിയിരിക്കണം. ടാക്‌സികൾ പൂർണമായും സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരിക്കണം. മൂന്നു വർഷമെങ്കിലും കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും വേണം. എന്നാൽ സ്വകാര്യ കമ്പനിയിൽ 600 ഒമാനി റിയാലിൽ കൂടുതൽ മാസ ശമ്പളം ഉള്ളവർക്ക് ടാക്സി  ഡ്രൈവർ ആയി ജോലി ചെയ്യുവാൻ സാധിക്കുകയില്ല.

ടാക്സി വാഹനങ്ങളിലെ മീറ്ററിന്റെ കൃത്യത ആറു മാസത്തിലൊരിക്കൽ പരിശോധിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കുകയും വേണം. വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും മുൻ സീറ്റിലും ഡ്രൈവറുടെ സീറ്റിന് പിന്നിലും സ്ഥാപിക്കണമെന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. മറ്റു ജി.സി.സി. രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കെത്തുന്നുന്ന ടാക്സികൾക്ക് യാത്രക്കാരെ ഒമാനിൽ എത്തിക്കാമെങ്കിലും രാജ്യത്തിനകത്തു ടാക്സി സേവനം നടത്തുവാൻ പുതിയ ഗതാഗത നിയമം അനുവദിക്കുന്നില്ല.

click me!