ഇസ്ലാമിക് സ്റ്റേറ്റിനെ അവസാനിപ്പിക്കാനുള്ള യുദ്ധം തുടങ്ങി

By Web DeskFirst Published Oct 17, 2016, 3:49 PM IST
Highlights

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പക്കൽ നിന്നും മൊസൂൾ തിരിച്ചുപിടിക്കാൻ സൈനിക നീക്കം തുടങ്ങിയ വിവരം ഔദ്യോഗിക ടെലിവിഷൻ ചാനൽ വഴിയാണ് പുറത്തുവിട്ടത്. 2014 ജൂണിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഐഎസ് പിടിച്ചടക്കിയത്. ഇന്ന് പുലർച്ചെ തുടങ്ങിയ പോരാട്ടത്തിൽ 9 ഗ്രാമങ്ങൾ തിരിച്ചുപിടിക്കാനായെന്ന് കുർദ്ദിഷ് വിമതർ അവകാശപ്പെട്ടു.

ഓഗസ്റ്റിൽ തിരിച്ചുപിടിച്ച ഖയ്യാറ വ്യോമത്താവളം കേന്ദ്രീകരിച്ചാണ് ഇറാഖിസേനയുടെ ആക്രമണം. അമേരിക്കൻ സഖ്യസേനയും വ്യോമാക്രമണം തുടരുന്നുണ്ട്. ഇറാഖി സൈന്യത്തെ സഹായിക്കാൻ കുർദ്ദിഷ് പോരാളികളും യുദ്ധസന്നദ്ധരായി ഒപ്പമുണ്ട്.

പ്രത്യേകപരിശീലനം കിട്ടിയ ഇറാഖി ഭീകര വിരുദ്ധസേനയും സൈന്യത്തിനൊപ്പം വരുംദിവസങ്ങളിൽ യുദ്ധമുഖത്തെത്തും. മൊസൂളിൽ നിന്ന് ഐഎസ് തീവ്രവാദികളെ തുരത്തി, 10 ലക്ഷം വരുന്ന പ്രദേശവാസികൾക്ക് സ്വൈരജീവിതം ഉറപ്പാക്കിയശേഷമേ  സൈന്യം മടങ്ങൂവെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. 

5000 ഇസ്ളാമിക് സ്റ്റേറ്റ്തീവ്രവാദികൾ മൊസൂളിലുണ്ടെന്നാണ് വിവരം.തിക്രിതും റമാദിയും ഫലൂജയും തിരിച്ചുപിടിച്ച ഇറാഖി സൈന്യത്തിന് മൊസൂളിൽ മുന്നേറാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശവാസികളെ മനുഷ്യകവചമാക്കി ഇസ്ലാമിക് സ്റ്റേറ്റ് തിരിച്ചടി തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ കരുതലോടെയാണ്  ഇറാഖി സൈന്യത്തിന്‍റെ മുന്നേറ്റം.

click me!