ഓണം ബംപര്‍ അടിച്ച കോടീശ്വരന്‍ ഇപ്പോഴും കാണാമറയത്ത്

By Web DeskFirst Published Sep 25, 2016, 3:23 AM IST
Highlights

തൃശൂര്‍: കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം (എട്ടു കോടി രൂപ) അടിച്ച ഭാഗ്യവാനെ അധികൃതര്‍ തേടുന്നു. ശക്തന്‍ സ്റ്റാന്‍ഡിലെ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ ഏജന്‍സിയില്‍നിന്നു ചില്ലറ വില്‍പനക്കാരനായ ചുവന്നമണ്ണ് അരക്കാലുംകുടി സന്തോഷ് വാങ്ങി വിറ്റ ടിക്കറ്റിനാണു സമ്മാനമടിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ടിസി 788368 നമ്പറിനാണ് ഒന്നാം സമ്മാനം. എന്നാല്‍, ഭാഗ്യശാലിക്കുവേണ്ടിയുള്ള അന്വേഷണം രണ്ടാം ദിവസം പിന്നിട്ടിട്ടും ഫലമുണ്ടായില്ല. തൃശൂര്‍പാലക്കാട് ദേശീയപാതയില്‍ കുതിരാന്‍ അമ്പലത്തിനു മുന്നിലാണു സബ് ഏജന്‍റ് സന്തോഷ് ലോട്ടറി വില്‍ക്കുന്നത്.

ഹൈവേയിലെ യാത്രക്കാരോ അമ്പലത്തില്‍ തൊഴാന്‍ വരുന്നവരോ ആണു സന്തോഷിന്റെ കയ്യില്‍നിന്നു ലോട്ടറി എടുക്കാറുള്ളത്. അതിനാല്‍ വിജയിയെ കണ്ടെത്താന്‍ എളുപ്പമാവില്ല. അതേസമയം, ഭാഗ്യവാനെ കണ്ടെത്തി എന്ന മട്ടില്‍ വ്യാജപ്രചാരണങ്ങളും കൊഴുത്തു. ഒരു മുന്‍കാല സിനിമാനടന്‍റെ മകനാണു ലോട്ടറി അടിച്ചിരിക്കുന്നതെന്ന പ്രചാരണമാണ് ഒന്ന്. 

തൃശൂര്‍ മണ്ണുത്തി ചുവന്നമണ്ണിലെ ഒരു ഡ്രൈവര്‍ക്കാണ് അടിച്ചിരിക്കുന്നതെന്നു മറ്റൊന്ന്. എന്നാല്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി ആരും സമീപിച്ചിട്ടില്ലെന്നു ജില്ലാ ലോട്ടറി ഓഫിസര്‍ കെ.ഡി.അപ്പച്ചന്‍ അറിയിച്ചു.

click me!