
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. നിങ്ങള്‍ തന്നെയല്ലേ കമ്മീഷനെ നിയമിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു.
പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഇന്ന് ഹൈകോടതിയില്‍ ഹാജരായത്. കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതിലും അപാകതയുണ്ട്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കണ്ടെത്തലുകള്‍ക്ക് അടിസ്ഥാനമില്ല. ശ്രീധരന്‍ നായര്‍ കോടതിക്ക് നല്‍കിയ രഹസ്യ മൊഴി എങ്ങനെ കമ്മീഷന്‍ തെളിവാക്കുമെന്നും കപില്‍ സിബല്‍ ചോദിച്ചു.
ഏത് സര്‍ക്കാറിന്റെ കാലത്താണ് ഈ കമ്മീഷനെ നിയോഗിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണെന്ന് മറുപടി പറഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെയല്ലേ അത് ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു.
ആ കമ്മീഷന്‍ നിയമ വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാനാകുമെന്നും കമ്മീഷന്റെ പ്രവര്‍ത്തനത്തെ അപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. തെളിവെടുപ്പിനായി കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തിയ ഉമ്മന്‍ ചാണ്ടിക്ക് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ അധികാരമുണ്ടെന്ന് കപില്‍ സിബല്‍ വാദിച്ചു. നടപട ക്രമങ്ങള്‍ പാലിക്കാതെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപട് നിയമവിരുദ്ധമെന്ന് സംസ്ഥാന സര്‍ക്കാറും നിലപാടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam