കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

By Web DeskFirst Published Jan 13, 2017, 4:45 AM IST
Highlights

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി.ഹൈക്കമാന്റ് ഇടപെട്ട് നടത്തിയ അനുനയ നീക്കങ്ങള്‍ പൊളിഞ്ഞതോടെ സംഘനാ തെരഞ്ഞെടുപ്പെന്ന  ഒറ്റ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.രാഹുഗാന്ധി നേരിട്ട് വിളിച്ചാല്‍ ദില്ലിയിലെത്താമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സിലിരുപ്പ്.

ഹൈക്കമാന്റ് ഇടപെടലിന് ശേഷവും കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയം കലങ്ങിമറിയുകയാണ്. നേതാക്കള്‍ തമ്മിലെ ചേരിപ്പോര് തെരുവുയുദ്ധത്തിലും പരസ്യമായ വിഴുപ്പലക്കലിലും എത്തിയ സാഹചര്യത്തിലാണ് നാളെ കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി യോഗം ചേരുന്നത്.പലവിധ അനുനയ നീക്കങ്ങള്‍ നടന്നെങ്കിലും ഡിസിസി പ്രസിഡന്റ് മാരുടെ നിയമനത്തില്‍ ഉടക്കിയ ഉമ്മന്‍ ചാണ്ടി അവസാന മണിക്കൂറിലും വിട്ടുവീഴ്ചക്കില്ല.

വ്യക്തിപരമായ കാരണങ്ങളെന്ന് ഔദ്യോഗിക വിശദീകരണം നല്‍കി തിരുവനന്തപുരത്തു തന്നെ തുടരാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന. അതേ സമയം എ ഗ്രൂപ്പ് നേതാക്കളെല്ലാം രാഷ്‌ട്രീയകാര്യ സമിതി യോഗത്തിനെത്തും.ഐ ഗ്രൂപ്പ് വിട്ട് എ പാളയത്തിലേക്ക് നീങ്ങിയ കെ മുരളീധരന്‍ പാര്‍ട്ടിയോഗത്തില്‍  ഉമ്മന്‍ചാണ്ടിയുടെ വക്താവുമാകും.

മുകുള്‍ വാസ്നിക് ഇടപെട്ട് നടത്തിയ ഹൈക്കമാന്റ് നീക്കങ്ങള്‍ ഫലം കണ്ടിട്ടില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാല്‍ ദില്ലിയിലെത്തുമെന്നാണ് ഉമ്മന്‍ ചാണ്ടി നല്‍കുന്ന സൂചന. പുതിയ ആവശ്യങ്ങളുന്നയിക്കാനല്ല, മറിച്ച് സംഘനാ തെരഞ്ഞെടുപ്പെന്ന ഒറ്റലക്ഷ്യത്തില്‍ ഉറച്ച് നില്‍ക്കാനാണെന്ന് മാത്രം.

click me!