
ദില്ലി: ഒരു വര്‍ഷത്തിനപ്പുറം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഡിന്നര്‍ പോളിസിക്ക് മികച്ച പ്രതികരണം. പാര്‍ലമെന്റിലെ 20 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പത്ത് ജന്‍പഥിലെ സോണിയയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന അത്താഴവിരുന്നില്‍ പങ്കെടുത്തു.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, എസ്.പി. നേതാവ് രാംപാല്‍ യാദവ്, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ബാബുലാല്‍ മാറന്തി,ഹേമന്ത് സോറന്‍, ജിതന്‍ റാം മാഞ്ചി, ജെഡിയു നേതാവ് ശരത് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത്ത് സിംഗ് തുടങ്ങിയവര്‍ അത്താഴവിരുന്നിനെത്തി.
ലല്ലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവും മിസ ഭാരതിയും വിരുന്നില്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സുധീപ് ബന്ദോപധ്യോയ, സിപിഐയെ പ്രതിനിധീകരിച്ച് ഡി.രാജ, സിപിഎമ്മിനെപ്രതിനിധീകരിച്ച് പിബി അംഗം മുഹമ്മദ് സലീം എന്നിവര്‍ എത്തിയപ്പോള്‍ ഡിഎംകെയില്‍ നിന്ന് കനിമൊഴിയും എഐയുഡിഎഫില്‍ നിന്ന് ബഹാറുദ്ദീന്‍ അജ്മലും ജെഡിഎസില്‍ നിന്ന് കുപേന്ദര്‍ റെഡ്ഡിയും യോഗത്തിനെത്തി.
പി.കെ.കുഞ്ഞാലിക്കുട്ടി(ഐയുഎംഎല്‍), എന്‍.കെ.പ്രേമചന്ദ്രന്‍ ( ആര്‍എസ്പി), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അത്താഴവിരുന്നില്‍ കേരളത്തിന്റെ സാന്നിധ്യമായി മാറി. സോണിയക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, എകെ ആന്റ്ണി മാധ്യമവിഭാഗം വക്താവ് രണ്‍ദീപ് സുര്‍ജ്വാല എന്നിവര്‍ അതിഥികളെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
അതേസമയം ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന ടിഡിപി, തെലാങ്കാന ഭരിക്കുന്ന ടിആര്‍എസ്, ഒഡീഷ ഭരിക്കുന്ന ബിജെഡി എന്നീ കക്ഷികളെ അത്താഴവിരുന്നിലേക്ക്ക്ഷണിക്കാഞ്ഞത് ശ്രദ്ധേയമായി.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അത്താഴവിരുന്നിനിടെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam