
തമിഴ്‌നാട്ടിലെ ജനകീയപ്രക്ഷോഭം ക്രമസമാധാനപ്രശ്‌നങ്ങളിലേയ്ക്ക് വഴിമാറിയേക്കുമെന്നതിനാലാണ് തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി ജല്ലിക്കെട്ട് നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തിന്റെ പരിധിയില്‍ ജല്ലിക്കെട്ട് വരുന്നതിനാല്‍ ഇത് മറികടന്ന് സംസ്ഥാനസര്‍ക്കാരിന് ഓര്‍ഡിനന്‍സ് പുറത്തിറക്കാനാകില്ല. 2009 ല്‍ ഡിഎംകെ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കുന്നത് അങ്ങനെയാണ്. ഈ സാഹചര്യം ഒഴിവാക്കാന്‍ ജല്ലിക്കെട്ടിനെ ഒരു കായികവിനോദമായി കണക്കാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് തമിഴ്‌നാടിന്റെ തീരുമാനം.
കായികവിനോദങ്ങളുടെ നടത്തിപ്പ് സംസ്ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിയമപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ജല്ലിക്കെട്ടിനിടെ മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കാന്‍ കര്‍ശനവ്യവസ്ഥകള്‍ ഓര്‍ഡിനന്‍സിലുണ്ടാകും. ചട്ടം ലംഘിച്ചാല്‍ തടവ് ശിക്ഷ ഉള്‍പ്പടെയുള്ള വ്യവസ്ഥകളുള്ള ഓര്‍ഡിനന്‍സിന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. നാളെ വൈകിട്ടോടെ ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചാല്‍ ഞായറാഴ്ച ജല്ലിക്കെട്ട് നടത്താമെന്നാണ് കണക്കുകൂട്ടല്‍.
അതിനിടെ ചെന്നൈയിലുള്‍പ്പടെ ജനകീയപ്രക്ഷോഭം ബന്ദിനിടെയും തുടരുകയാണ്. റെയില്‍ ഉപരോധസമരത്തിനിടെ ചെന്നൈ മാമ്പലത്ത് ഡിഎംകെ ആക്ടിംഗ് പ്രസിഡന്റ് സ്റ്റാലിനെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണയുമായി തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ ആസ്ഥാനത്ത് ചലച്ചിത്രപ്രവര്‍ത്തകര്‍ നിരാഹാരസമരം നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam