ഹിന്ദു-മുസ്ലിം വിവാഹം തടയാനായി കലാപം; ബിജെപി, ശിവസേനാ നേതാക്കള്‍ കസ്റ്റഡിയില്‍

By Web DeskFirst Published Dec 24, 2017, 12:30 PM IST
Highlights

ഗാസിയാബാദ്: ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം തടയാന്‍ ശ്രമിച്ച നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ സമ്മതത്തോടെ വധുവിന്റെ വീട്ടില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരമാണ് ബി.ജെ.പി, ശിവസേനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് വീടിന് മുന്നില്‍ കലാമുണ്ടാക്കി തടയാന്‍ ശ്രമിച്ചത്. ഭീഷണിപ്പെടുത്തി വിവാഹത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീടിന് മുന്നില്‍ കുത്തിയിരുന്നവരെ പൊലീസെത്തി  നീക്കുകയായിരുന്നു.

ബി.ജെ.പി ഗാസിയാബാദ് വൈസ് പ്രസിഡന്റ് അജയ് ശര്‍മ്മ, ശിവസേന ഉത്തര്‍പ്രദേശ് വെസ്റ്റ് അധ്യക്ഷന്‍ മഹേഷ് അഹുജ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. സൈക്കോളജിസ്റ്റായ നുപൂര്‍ സിങും സ്വകാര്യ കമ്പനിയിലെ ജോലി ചെയ്യുന്ന എം.ബി.എ ബിരുദധാരിയായ ഹര്‍ഹത്ത് ഖാനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ നടന്നത്. ഇത് ലൗ ജിഹാദാണെന്നും വിവാഹം നടത്തരുതെന്നും ഭീഷണിപ്പെടുത്തി നിരവധി ഫോണ്‍ കോളുകള്‍ രണ്ട് ദിവസമായി തനിക്ക് ലഭിച്ചിരുന്നുവെന്ന് വധുവിന്റെ പിതാവ് പുഷ്‍പേന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വരനും വധുവും പ്രായപൂര്‍ത്തിയായവരാണെന്നും ശരിയും തെറ്റും എന്താണെന്ന് അവര്‍ക്ക് അറിയാമെന്നുമാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. തുടര്‍ന്ന് ഇന്നലെ വധുവിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെയാണ് ബി.ജെ.പി, ശിവസേനാ നേതാക്കളുള്‍പ്പെടെയുള്ള നൂറോളം പേര്‍ സംഘടിച്ചെത്തിയത്. വീടിന് മുന്നില്‍ കുത്തിയിരുന്ന ഇവര്‍ റോഡിലൂടെയുള്ള ഗതാഗതവും സ്തംഭിപ്പിച്ചു. 

തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. മറ്റൊരാളുടെ വീട്ടിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസിന് നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ തങ്ങളുടെ ജോലി ചെയ്തുവെന്നുമാണ് എസ്.പി എച്ച്.എന്‍ സിങ് പറഞ്ഞത്. തുടര്‍ന്ന് നൂറോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 147 (കലാപമുണ്ടാക്കല്‍), 148 (മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപമുണ്ടാക്കല്‍), 336 (ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തല്‍), 341 (അന്യായമായി തടങ്കലില്‍ വെയ്‌ക്കല്‍), 427 (ഉപദ്രവിക്കല്‍), 353 (സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുക) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

click me!