മട്ടന്നൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

By Web DeskFirst Published Feb 13, 2018, 9:25 AM IST
Highlights

കണ്ണൂര്‍: എടയന്നൂരിനടുത്ത് തെരൂരില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കൊലപാതകത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ പ്രദേശത്ത് നിലനില്‍ക്കുന്നില്ലെന്നും സംഭവം പാര്‍ട്ടി പരിശോധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 

ഇന്നലെ രാത്രിയോടു കൂടിയാണ് മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു. പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. 

ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

തെരൂരിലെ സുഹൃത്തിന്റെ തട്ടുകടയില്‍ രാത്രി 11.30 ഓടെ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം ശുഹൈബിനെ  വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇരുകാലുകളിലും മാരകമായി വെട്ടേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകും വഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 

മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച മുമ്പ് എടയന്നൂര്‍ എച്ച്.എസ്.എസില്‍ എസ്.എഫ്.ഐ. - കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറുമുതല്‍ കണ്ണൂര്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ശുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്. 

click me!