ക്വട്ടേഷന്‍ കേസില്‍ പ്രതിയായ കളമശ്ശേരി ഏരിയ സെക്രട്ടറിയെ ന്യായീകരിച്ച് പി.രാജീവ്

By Web DeskFirst Published Nov 2, 2016, 2:35 PM IST
Highlights

കൊച്ചി: എറണാകുളത്ത് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹൂസൈനെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി പി രാജീവ്.പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് രണ്ടു വ്യവസായികള്‍ ഉള്‍പ്പെട്ട പ്രശ്നത്തില്‍ സക്കീര്‍ ഇടപ്പെട്ടത്. മുന്‍വൈരാഗ്യമുളള ചില പോലീസ് ഉദ്യോഗസ്ഥര്‍ സക്കീറിനെ കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും പി രാജീവ് പറഞ്ഞു.പറവൂരിനടുത്ത് കരുമാലൂരില്‍ കെ കെ കൃഷ്ണന്‍കുട്ടി രക്തസാക്ഷി അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ്.

കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹൂസൈനെതിരെ നടപടി എടുക്കണമെന്ന ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് പാര്‍ട്ടി പരിപാടിയില്‍ സെക്രട്ടറിയുടെ വിശദീകരണം. വെണ്ണല സ്വദേശിയായ ജുബീ പൗലോസും ഷീലാ തോമസും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടില്‍ സക്കീര്‍ ഇടപ്പെട്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും താമരശേശരി ഏരിയ കമ്മിറ്റിയുടെയും നിര്‍ദേശപ്രകാരമാണ്.ഇതിലൂടെ സക്കീര്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും രാജീവ് വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സക്കീറിനെ ഗുണ്ടാ പട്ടികയില്‍ പെടുത്താന്‍ ശ്രമിച്ച ചില പൊലീസ് ഉദ്യോഗസ്ഥരുണ്ട്.അവര്‍ തന്നെയാണ് സക്കീറിനെ ഇപ്പോള്‍ കേസില്‍ കുടുക്കിയിരിക്കുന്നത്. ഇതെകുറിച്ച് പാര്‍ട്ടി അന്വേഷിക്കും.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം ഉന്നയിക്കും.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പുകള്‍ക്ക് ഇനി നേതാക്കള്‍ ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം.

click me!