പന്ത്രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ

By Web DeskFirst Published Feb 17, 2018, 8:48 PM IST
Highlights

ലാഹോര്‍: പാകിസ്താനെ ഞെട്ടിച്ച സീരിയല്‍ കില്ലറിന് വധശിക്ഷ. പ്രായ പൂര്‍ത്തിയാവാത്ത പന്ത്രണ്ടിലധികം കുട്ടികളെ പീഡിപ്പിച്ച് കൊല ചെയ്ത ഇമ്രാന്‍ അലിയ്ക്കാണ് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്.  അടുത്തിടെ ഏറെ കോളിളക്കമുണ്ടാക്കിയ ഏഴ് വയസുകാരി സൈനബയുടെ കൊലപാതകത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാവുന്നത്. 

ലാഹോറിനടുത്തുള്ള കസൂര്‍ ജില്ലയില്‍ നിന്നാണ് സൈനബയെ കാണാതായത്. കാണാതായതിന് ശേഷം നാലാമത്തെ ദിവസം വീടിന് സമീപമുള്ള ചവറ്റ് കൂനയില്‍ നിന്നാണ് സൈനബയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം ഏറെ വിവാദമാകുകയും പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. 

എന്നാല്‍ പിടിയിലായ ഇമ്രാന്‍ അലിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന നിരവധി കൊലപാതകങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായത്. 
പ്രായപൂര്‍ത്തിയാവാത്ത പന്ത്രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ പൊലീസ് ഇയാളുടെ പങ്ക് തെളിയിച്ചിരുന്നു.  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊല ചെയ്യുന്നതായിരുന്നു ഇമ്രാന്‍ അലിയുടെ രീതി. 

സൈനബയുടെ കൊലപാതകം രാജ്യത്ത് ഏറെ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. സൈനബയുടെ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് പിരിച്ച് വിടാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനബയുടെ അയല്‍വാസി കൂടിയാണ് ഇമ്രാന്‍ അലി. സിസിടിവിയിലെ ദൃശ്യങ്ങളായിരുന്നു കേസില്‍ നിര്‍ണായകമായത്. 2015 മുതല്‍ കസൂര്‍ ജില്ലയില്‍ നിരവധി പെണ്‍കുട്ടികളെ കാണാതാവുകയും പിന്നീട് കൊല ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 

ദിനം പ്രതി കുട്ടികള്‍ക്കെതിരെയുള്ള അക്രമവുമായി ബന്ധപ്പെട്ട് രണ്ടിലധികം കേസുകള്‍ പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സൈനബയുടെ കൊലപാതത്തോടെയാണ് പൊലീസിന്റെ കൃത്യവിലോപത്തില്‍ കടുത്ത വിമര്‍ശനം ഉണ്ടായത്. 


 

click me!