അമേരിക്കന്‍ ഡ്രോണുകളെ വെടിവെച്ചിടാന്‍ പാക് വ്യോമസേനയ്ക്ക് നിര്‍ദേശം

By Web DeskFirst Published Dec 7, 2017, 10:13 PM IST
Highlights

ഇസ്ലാമാബാദ്: അമേരിക്കയുടേതടക്കം അതിര്‍ത്തി ലംഘിക്കുന്ന ഏത് ഡ്രോണ്‍ വിമാനവും വെടിവെച്ചിടാന്‍ പാകിസ്താന്‍ വ്യോമാസേന മേധാവി ഉത്തരവിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ വഷളായി വരുന്നതിനിടെയാണ് പാക് വ്യോമസേനാ മേധാവി നിര്‍ണായകമായ ഈ ഉത്തരവ് നല്‍കിയത്. 

അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ ഒരു തീവ്രവാദി ക്യാംപില്‍ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തി മൂന്ന് തീവ്രവാദികളെ വധിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതിനെ പാകിസ്താന്‍ നേരത്തേയും പരസ്യമായി എതിര്‍ത്തിട്ടുണ്ടെങ്കിലും ഡ്രോണുകളെ വെടിവെച്ചിടുമെന്ന നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. 

വ്യോമാതിര്‍ത്തി ലംഘിക്കുവാന്‍ ആരേയും ഞങ്ങള്‍ അനുവദിക്കില്ല. അമേരിക്കയുടേതടക്കം വ്യോമാതിര്‍ത്തിലംഘിച്ചു പാകിസ്താനിലേക്ക് പ്രവേശിക്കുന്ന എല്ലാ ആളില്ലാ വിമാനങ്ങളും വെടിവെച്ചിടാന്‍ ഞാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്... പാക് വ്യോമസേനാ മേധാവി മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പറഞ്ഞു. അമേരിക്കന്‍ ചേരിയില്‍ നിന്നകന്ന് പാകിസ്താന്‍ ചൈനയോട് അടുക്കുന്നതിനിടയിലാണ് അമേരിക്കന്‍ ഡ്രോണുകളെ ആക്രമിക്കുമെന്ന നിലപാടിലേക്ക് പാക് വ്യോമസേനയെത്തിയിരിക്കുന്നത്.
 

click me!