പാകിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്നു; ഗ്രേ ലിസ്റ്റില്‍ കയറി

By Web DeskFirst Published Jun 30, 2018, 6:18 PM IST
Highlights
  • പാകിസ്ഥാനെ  ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ് തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ദില്ലി: പാകിസ്ഥാനെ  ഫിനാൻഷ്യൽ ആ‌ക്‌ഷൻ ടാസ്ക് ഫോഴ്സ് തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. വ്രവാദി സംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നത് തടയാന്‍ ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാനെ ‘ഗ്രേ ലിസ്റ്റിൽ’ എന്ന് പറയപ്പെടുന്ന തീവ്രവാദ സാമ്പത്തിക സഹായ നിരീക്ഷണപ്പട്ടികയില്‍ ഉൾപ്പെടുത്തിയത്. 

രാജ്യാന്തര തലത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക് ഉചിതമായ പരിഹാരം പാക്കിസ്ഥാൻ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ന്യൂഡൽഹിയിൽ പറഞ്ഞു. തീവ്രവാദികളെ രാജ്യത്തു സംരക്ഷിച്ചു കൊണ്ടുള്ള പാക്കിസ്ഥാന്റെ നിലപാടിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഗോള തലത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. 

2008ലെ മുംബൈ തീവ്രവാദി ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളിൽ പാക്കിസ്ഥാനതിരെ നടപടി എടുക്കുന്നതിനും ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു. എഫ്എടിഎഫിന്‍റെ മാനദണ്ഡങ്ങൾ പാലിക്കാതെ ഹാഫിസ് സയീദിനെ പോലുള്ള തീവ്രവാദികളെയും തീവ്രവാദിസംഘടനകളെയും സംരക്ഷിക്കുന്ന പാക്കിസ്ഥാന്‍റെ നടപടി ലോകത്തിനെതിരെ തന്നെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാന്‍ വേണ്ടിയുള്ള കർമ പദ്ധതിക്കു പാക്കിസ്ഥാൻ രൂപം കൊടുത്തതായി അവിടുത്തെ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അടുത്ത 15 മാസത്തിനുള്ളിൽ തീവ്രവാദികൾക്കു ലഭിക്കുന്ന സാമ്പത്തിക സഹായം തടയാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പദ്ധതി പരാജയപ്പെട്ടാൽ പാക്കിസ്ഥാൻ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടും. സാമ്പത്തിക, വ്യാപാര മേഖലകളില്‍ അന്താരാഷ്ട്ര ഉപരോധത്തിന് പോലും ഇത് കാരണമാകും.

click me!