
ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് രണ്ട് പ്രമുഖ എതിർകക്ഷികൾ പ്രഖ്യാപിച്ചത് ഇമ്രാൻ ഖാന് തലവേദനയായി. തെരുവിലിറങ്ങാനാണ് മുസ്ലിം ലീഗിന്‍റെ ആഹ്വാനം. തെരഞ്ഞെടുപ്പ് ഫലത്തിൽ അമേരിക്കയും സംശയം പ്രകടിപ്പിച്ചു.
ഇത് സർക്കാർ ഉണ്ടാക്കുന്ന വിഷയമല്ല. രാജ്യത്തിൻറെ ഭാവിയെ ബാധിക്കുന്ന ഒന്നാണ്. ഇമ്രാൻ മറ്റെല്ലാമായിരിക്കും. ഒരിക്കലും അഴിമതിക്കാരനല്ല. സംവിധാനത്തിനെതിരെ ശബ്ദമുയർത്തുന്ന പോരാളി. ഈ പ്രതിച്ഛായയുമായി എത്തുന്ന ഇമ്രാന് വരാനിരിക്കുന്ന ദിനങ്ങൾ പ്രതിസന്ധി നിറഞ്ഞതാണ്. ദേശീയ അസംബ്ളിയിലിലെ നൂറിലധികം എംപിമാർ ഫലം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഫലം പുറത്ത് വിടാൻ വൈകിയതും പോളിങ് കേന്ദ്രങ്ങളിൽ എതിർപാർട്ടികളുടെ ഏജന്‍റുമാരെ കയറ്റാത്തതും സംശയം കൂട്ടുന്നു. അമേരിക്കയും ഫലത്തിൽ സംശയം പ്രകടിപ്പിച്ചത് ഇമ്രാന് തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി, ജനസംഖ്യാ വർധനവ്, ജലക്ഷാമം, ഭീകരസംഘടനകളുടെ സ്വാധീനം.ഈ വെല്ലുവിളികൾ മറികടക്കാൻ നേരിയ ഭൂരിപക്ഷം തടസ്സമാകും.
ഇമ്രാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ കടിഞ്ഞാൺ സൈന്യത്തിന്‍റെ കയ്യിലാവും. ഇന്ത്യ ആഗ്രഹിച്ച ഫലമല്ല ഇത്. മോദി- നവാസ് ഷെരീഫ് ബന്ധം ഉയർത്തിയായിരുന്നു ഇമ്രാന്‍റെ പ്രചരണം. മോദിയുമായി ആശയവിനിമയത്തിന് ഇമ്രാൻ ശ്രമിക്കുമെങ്കിലും നിറുത്തിവച്ച ചർച്ചയിൽ ഉടൻ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഭീകരസംഘടനകൾക്ക് ഇമ്രാന്‍റെ വരവ് ആവേശം പകരുമെന്ന ആശങ്കയും സൗത്ത് ബ്ലോക്കിനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam